അമിത ആള്‍ക്കൂട്ടം പാടില്ല, മാസ്‌ക് നിര്‍ബന്ധം; പരിശോധന, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കണം: പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം

അമിത ആള്‍ക്കൂട്ടം പാടില്ല, മാസ്‌ക് നിര്‍ബന്ധം; പരിശോധന, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കണം: പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡിന്റെ ഉപ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്സവ സീസണ്‍, പുതുവത്സരാഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം.

പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവയുള്ള രോഗികളെ പ്രത്യേകം നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണമെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കില്‍ കോവിഡ് പരിശോധന നടത്താനും നിര്‍ദ്ദേശത്തിലുണ്ട്. പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുത്. ശാരീരിക അകലവും മാസ്‌കും ഉറപ്പാക്കണം. വാക്‌സിന്‍ കരുതല്‍ ഡോസ് വിതരണത്തില്‍ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതല്‍ ഡോസ് നല്‍കുന്നതിന് പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയും ജാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യണം. കടുത്ത നിയന്ത്രണങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.