എന്താണ്  കാർഷിക ബിൽ 2020?

എന്താണ്  കാർഷിക ബിൽ 2020?

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും പ്രതിഷേധം തുടരുകയാണ്. കര്‍ഷകര്‍ ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിൻറെ പുതിയ നീക്കമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ വിശദീകരിക്കുന്നതെങ്കിലും ബിൽ കര്‍ഷകവിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

എന്താണ് വിവാദമായ കാര്‍ഷിക ബിൽ?

യഥാര്‍ത്ഥത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നത് ഒന്നിലധികം ബില്ലുകളാണ്. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം ലോക്സഭയിൽ ഒരുമിച്ച് അവതരിപ്പിച്ചത്. ഈ വര്‍ഷം ഇതേ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനൻസുകള്‍ക്ക് പകരമാണ് പുതിയ ബില്ലുകള്‍. കര്‍ഷകരുടെ അഭിവൃദ്ധിയ്ക്കു വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ സഭയെ അറിയിച്ചത്. വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ഇത് ബാധിക്കില്ലെന്നു മന്ത്രി ആവര്‍ത്തിച്ചു.

ബില്ലിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ പറയുന്നത് എന്താണ്?

കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാര്‍ഷികവിളകള്‍ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വിൽക്കാൻ സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020 എന്നാണ് ഇംഗ്ലീഷ് വാര്‍ത്താ വെബ്സൈറ്റായ ഡിഎൻഎ നല്‍കുന്ന വ്യാഖ്യാനം. രണ്ടാമത്തെ ബിൽ കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏര്‍പ്പെടാൻ സ്വാതന്ത്ര്യം നല്‍കുന്നതാണ്. ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ വിളകള്‍ക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ്പുതിയ ബിൽ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

എന്തുകൊണ്ടാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം?

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കുമെന്നതാണ് ഉയരുന്ന ആരോപണം. കാര്‍ഷിക വിള വിപണന സമിതികള‍ുടെ പരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ ബിൽ എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് കര്‍ഷക സംഘടനകളുടെ ആശങ്ക. വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുൻപു തന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും പുതിയ ബിൽ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാൽ ഈ കര്‍ഷക കോര്‍പ്പറേറ്റ് കൂട്ടായ്മ പല രാജ്യങ്ങളും ജനരോഷം കൊണ്ട് പിൻവലിച്ചതാണെന്ന് പിആര്‍ഡി മുൻ അഡീഷണൽ ഡയറക്ടറായ മനോജ് കുമാര്‍ കെ ഡൂള്‍ന്യൂസിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

പുതിയ കാര്‍ഷിക ബിൽ കര്‍ഷകര്‍ക്ക് കുറഞ്ഞ വില ഉറപ്പു നല്‍കുന്നുണ്ടോ?

ഇല്ല. കാര്‍ഷികവിളകളുടെ വില സംബന്ധിച്ച ചൂഷണത്തിൽ നിന്ന് കര്‍ഷകരെ സംരക്ഷിക്കുമെന്നാണ് പ്രൈസ് അഷ്വറൻസ് ബില്ലിലെ വാഗ്ദാനെങ്കിലും വില ഉറപ്പാക്കാനുള്ള സംവിധാനത്തെപ്പറ്റി ബില്ലിൽ പരാമര്‍ശമില്ലെന്ന് ദ ഹിന്ദു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയിൽ വ്യക്തമാക്കുന്നു. ഇത് കര്‍ഷകരെ ചൂഷണം ചെയ്യാൻ കോര്‍പ്പറേറ്റ് കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് പ്രതിപക്ഷ സംഘടനകളും ആരോപിക്കുന്നത്. രാജ്യത്ത് കോഴിവളര്‍ത്തൽ, കരിമ്പുകൃഷി തുടങ്ങിയ മേഖലകളിൽ ഇതിനോടകം തന്നെ കോൺട്രാക്ട് ഫാമിങ് രീതി നിലവിലുണ്ടെങ്കിലും അസംഘടിത മേഖലയിലെ കര്‍ഷകര്‍ക്ക് സ്വകാര്യ കമ്പനികളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയുണ്ടാകില്ലെന്നും ലേഖനത്തിൽ പറയുന്നു.

ഏതൊക്കെ പാര്‍ട്ടികളാണ് കാര്‍ഷിക ബില്ലിനെതിരെ രംഗത്തു വന്നിട്ടുള്ളത്?

ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയും പഞ്ചാബിലെ പ്രബലകക്ഷിയുമായ അകാലിദള്‍ ബില്ലിനെതിരാണ്. ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്നാണ് പാര്‍ട്ടി എംപിമാര്‍ക്ക് തെലങ്കാന മുഖ്യമന്ത്രി ടി ചന്ദ്രശേഖര റാവു നല്‍കിയിരിക്കുന്ന നിര്‍ദേശം. പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിൽ കര്‍ഷക സംഘടനകളും ബില്ലിനെതിരെ പ്രതിഷേധിക്കുന്നുണ്ട്.

തയാറാക്കിയത് - ജെ കെ.

Photo Courtesy@suchiseetharam


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.