കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണ തോത് കൂടുതല്‍; വൈറ്റിലയിലെ അന്തരീക്ഷം ഏറ്റവും മോശം

കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണ തോത് കൂടുതല്‍; വൈറ്റിലയിലെ അന്തരീക്ഷം ഏറ്റവും മോശം

കൊച്ചി: കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണ തോത് കൂടുതലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. വായൂ നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്-എക്യുഐ) പ്രകാരം വൈറ്റിലയിലെ വായുവാണ് ഏറ്റവും മലിനം. ഈ മാസം 22 ന് വൈറ്റിലയിലെ എക്യുഐ 128 ആണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കിലും വൈറ്റിലയിലെ തോത് കൂടുതലാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലെ കണക്ക് 150നു മുകളിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ കണക്കു പ്രകാരം ഏലൂരിലെ വായൂ നിലവാര സൂചിക 72 ആണ്. ഈ മാസം 22ലെ എക്യുഐ 51 ആയിരുന്നു. എംജി റോഡിലെ കണക്ക് പ്രകാരം കഴിഞ്ഞ മാസം 17ലെ എക്യുഐ 26 ആണ്.

ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍, ഹൃദ്രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ എക്യുഐ അളവ് കൂടുതലുള്ള പ്രദേശങ്ങളിലെ വായൂ ശ്വസിക്കുന്നത് ശ്വസന സംബന്ധമായ അസുഖങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആലപ്പുഴ ഗവ മെഡിക്കല്‍ കോളജിലെ ശ്വാസകോശ വിഭാഗം തലവന്‍ ഡോ. പി.എസ് ഷാജഹാന്‍ പറയുന്നു.

മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും ഗതാഗത കുരുക്കുമാണ് അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നത്. നൈട്രജന്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, ലെഡ് അടക്കമുള്ളവയാണ് വായു മലിനീകരണത്തിന് ഇടയാക്കുന്നത്.

ദേശീയ വായൂ നിലവാര സൂചിക അനുസരിച്ച് 50 വരെയുള്ള എക്യുഐ നല്ലതെന്നും 51 മുതല്‍ 100 വരെയുള്ളവ തൃപ്തികരവുമാണ്. 101 മുതല്‍ 200 വരെയുള്ളത് മിതമായ മലിനീകരണ തോതാണ്. 201-300 വരെയുള്ളത് മോശവും 301-400 വരെയുള്ളത് ഏറ്റവും മോശവുമാണ്. 400-500 വരെയുള്ളവ ആരോഗ്യമുള്ളവര്‍ക്കു പോലും ദോഷകരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.