ഡല്‍ഹി മേയറാകാന്‍ ഷെല്ലി ഒബ്റോയ്; സഫലമാകുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ഡല്‍ഹി മേയറാകാന്‍ ഷെല്ലി ഒബ്റോയ്; സഫലമാകുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഡോ. ഷെല്ലി ഒബ്‌റോയി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആദ്യ വനിതാ മേയറാകാന്‍ സാധ്യത. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും അടക്കം വോട്ടുള്ള മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നാണ് സൂചന. ജനുവരി ആറിനാണ് തിരഞ്ഞെടുപ്പ്.

എഎപിയുടെ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ എംസിഡി മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എഎപി കൗണ്‍സിലര്‍മാരായ ഡോ. ഷെല്ലി ഒബ്‌റോയ്, ആലി മുഹമ്മദ് ഇഖ്ബാല്‍ എന്നിവരാണ് യഥാക്രമം എംസിഡി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

സരിക ചൗധരി, രമീന്ദര്‍ കൗര്‍, മോഹിനി ജീന്‍വാള്‍, അമില്‍ മാലിക് എന്നിവര്‍ സ്ഥിരം സമിതിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എഎപിയുടെ നാല് എംസിഡി കോ-ഓര്‍ഡിനേറ്റര്‍മാരായ എം.എല്‍.എ സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, അതിഷി, ആദില്‍ അഹമ്മദ് ഖാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.

എല്ലാ നാമനിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. ഡല്‍ഹിയെ വൃത്തിയും മഹത്വവുമുള്ള നഗരമാക്കി മാറ്റുകയെന്നതാണ് ഡല്‍ഹിയിലെ ജനങ്ങളുടെ സ്വപ്നം. ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള എംസിഡിയുടെ രൂപരേഖ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പക്കലുണ്ട്. ഡല്‍ഹി നിവാസികള്‍ ശുചിത്വത്തിന്റെ ഉത്തരവാദിത്തം എഎപിക്ക് വ്യക്തമായി നല്‍കിയിട്ടുണ്ട്.

ബിജെപി ഇത്തവണ വൃത്തികെട്ട രാഷ്ട്രീയം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. എഎപി കൗണ്‍സിലര്‍മാര്‍ ഇതുവരെ സത്യപ്രതിജ്ഞ പോലും ചെയ്തിട്ടില്ലെങ്കിലും ഡല്‍ഹിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞങ്ങളുടെ കൗണ്‍സിലര്‍മാര്‍ ഭാവിയിലും ഈ മനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടരും.- എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.