കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഡ്വ. ടി.പി ഹരീന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്ന രീതിയില്‍ വ്യാജ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഗുരുതരമാണെന്ന സുധാകരന്റെ പരാമര്‍ശം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നാണ് കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രന്‍ ആരോപിച്ചത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ആദ്യഘട്ടത്തില്‍ പൊലീസിന് നിയമോപദേശം നല്‍കിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രന്‍.
കേസില്‍ പി ജയരാജനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്നാണ് ടി.പി ഹരീന്ദ്രന്‍ ആരോപിച്ചത്. അന്നത്തെ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരെ ഫോണില്‍ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമായി സംസാരിക്കുന്നതിന് താന്‍ ദൃക്സാക്ഷിയാണ്. ഗൂഢാലോചനാക്കുറ്റം കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും ഇത് സമ്മര്‍ദത്തിന്റെ ഭാഗമാണെന്നുമാണ് ടി.പി ഹരീന്ദ്രന്‍ ആരോപിച്ചത്.
അതേസമയം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം അസംബന്ധമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകും. ആരോപണം ഗൗരവമുള്ളതെന്ന സുധാകരന്റെ പരാമര്‍ശം യുഡിഎഫില്‍ ഉന്നയിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. ഇത് മുസ്‌ലിം ലീഗിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ്. ഈ ഗൂഢാലോചനയുടെ പിന്നില്‍ ആരാണെന്നത് വെളിച്ചത്ത് കൊണ്ടുവരുമെന്നും പി.എം.എ സലാം വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.