തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.മുരളീധരന്‍ എംപിയും. എതിര്‍പ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.
എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണിയെന്നും മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും മുരളീധരന്‍ പറഞ്ഞു.
അമ്പലത്തില്‍ പോകുന്നവരും കാവിമുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താന്‍ മുമ്പേ പറഞ്ഞതാണ്. ആന്റണിയെ പോലെ മുതിര്‍ന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമാണെന്നും ശരിയായ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആന്റണിയുടെ പ്രസ്താവനയെ വി.ഡി സതീശനും കെ. മുരളീധരനും പിന്തുണച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എതിര്‍പ്പുമായി രംഗത്തെത്തി. കോണ്‍ഗ്രസ് സാമുദായിക സംഘടനയല്ലന്നും ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ചന്ദനക്കുറിയെ മൃദു ഹിന്ദുത്വവുമായി ബന്ധിപ്പിക്കുന്നത് ബിജെപിയെ സഹായിക്കുമെന്നും ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍ പോയാല്‍, നെറ്റിയില്‍ തിലകം ചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍ തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ടെന്നും ഇത് മോഡിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ എന്നും എ.കെ. ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.