പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന; തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന നേതാവടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന; തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന നേതാവടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന നേതാവടക്കം മൂന്നു പേരെ തിരുവനന്തപുരത്ത് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

നേരത്തെ കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മുതല്‍ സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പോപുലര്‍ ഫ്രണ്ടിന്റെ ഏഴ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഏഴ് മേഖലാ തലവന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പരിശോധന. പലരും പിഎഫ്‌ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും ഇന്ന് നടന്ന പരിശോധനയില്‍ ഭാഗമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.