വർഷാവസാന ചിന്തകൾ-യാത്ര;നന്മകളുടെ ഭാണ്ഡക്കെട്ടുമായി

വർഷാവസാന ചിന്തകൾ-യാത്ര;നന്മകളുടെ ഭാണ്ഡക്കെട്ടുമായി

മലയോര ദേശത്തിന്റെ പുരാവൃത്തങ്ങളിൽ ഒരു നീലിഭ്രാന്തിയുടെ കഥയുണ്ട്. പഴമക്കാർ പറഞ്ഞു പറഞ്ഞ് പഴമ മറഞ്ഞ പുതിയ കഥ. തലയിൽ ഒരു വലിയ ഭാണ്ഡക്കെട്ടുമായി നീലിഭ്രാന്തി വഴി നീളെ നടക്കും. ഏതെങ്കിലും ഒരു വളവു കണ്ടാൽ നീലിഭ്രാന്തി ഭാണ്ഡക്കെട്ടിറക്കി അതഴിക്കും. അതിനുള്ളിൽ അനേകം ചെറിയ പൊതിക്കെട്ടുകളുണ്ട്.കിഴികെട്ടി വച്ചിരിക്കും പോലെ, നീലിഭ്രാന്തി ഓരോ കെട്ടും പതിയെ അഴിക്കും. അപ്പോൾ നീലിഭ്രാന്തിയുടെ മുഖം വികസിക്കും. കണ്ണുകൾ തുറന്ന് കറപിടിച്ച പല്ലുകാട്ടി ജഡപിടിച്ച മുടിയിളക്കി നീലിഭ്രാന്തി ആർത്തുചിരിക്കും.

ചില കിഴിക്കെട്ട് തുറന്നാൽ ദീനദീനം നിലവിളിക്കും. ആരെങ്കിലും വഴിയിലൂടെ വരുന്നതു കണ്ടാൽ നിമിഷനേരംകൊണ്ട് ഓരോ കിഴിയും വരിഞ്ഞുകെട്ടി ഭാണ്ഡക്കെട്ടു മുറിക്കി നീലിഭ്രാന്തി ചാടിയെഴുന്നേറ്റ് നടന്നു നീങ്ങും. അടുത്ത ഒരു വലിയ വളവിൽ വീണ്ടും ഭാണ്ഡമിറക്കും. അഴി ക്കും......ചിരിക്കും......കരയും .....പിന്നെയും യാത്ര തുടരും. ഒരിക്കൽ ചിലർ ധൈര്യസമേതം നീലി ഭ്രാന്തിയുടെ അടുത്തെത്തി ചോദിച്ചു. ഈ കിഴികളിൽ എന്താണ്, നീലിഭ്രാന്തി പറഞ്ഞു, ഓരോ കിഴിയിലും നിറയെ ഓർമ്മകളാണ്.

ഒരു വർഷം കൂടി നമ്മോടു യാത്ര പറയുകയാണ്. നീലിഭ്രാന്തിയെപ്പോലെ നാമോരോരുത്തരും ഓർമ്മകളുടെ ഭാണ്ഡക്കെട്ടുമായി യാത്ര തുടരുകയാണ്. സമയം ഏറ്റവും അമൂല്യ മായ ദൈവദാനമാണ്. ഒരാൾക്ക് ജീവിക്കാനുള്ള കാലം എത്രയെന്ന് മുൻകൂട്ടി തിട്ടപ്പെടുത്താനോ പ്രവചിക്കാനോ മനുഷ്യനാവില്ല. അത് ജീവൻ നല്കിയ ദൈവം മാത്രം അറിയുന്ന കാര്യമാണ്. ഇന്നു ലഭിക്കുന്ന സമയം അർത്ഥപൂർണമായി ജീവിക്കുക മാത്രമാണ് കരണീയം. കഴിഞ്ഞു പോകുന്ന വർഷം നമ്മിൽ വർഷിച്ച വ്യത്യസ്തമായ അനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി നാം പുതിയ വർഷത്തിലേക്കു കാലൂന്നുകയാണ്. നീലിഭ്രാന്തിയുടെ ചുമടിറക്കുന്ന ഓരോ വളവും ഓരോ വളവും ഓരോ വർഷമായി സങ്കല്പിച്ചാൽ അവർ നമ്മിൽ പലരുടെയും പ്രതീകമാകും. ഓരോ വർഷത്തിന്റെയും അവസാനം അനുഭവങ്ങളുടെ ഭാണ്ഡക്കെട്ടിറക്കി ഓർമ്മകളുടെ കിഴിയഴിച്ച് ചിരിക്കുകയും കരയുകയും ചെയ്ത് എല്ലാം വീണ്ടും വാരിക്കെട്ടി ചുമന്നു നീങ്ങുകയാണ് നമ്മിൽ പലരും. നല്ല ഓർമ്മ കളുടെ ശേഖരം നമ്മെ ജീവിക്കാൻ കൊതിപ്പിക്കും. എന്നാൽ നീലിഭ്രാന്തിയെപ്പെലെ ദുഃഖകരമായ ഓർമ്മകൾ വീണ്ടും വാരിപ്പൊതിഞ്ഞുകെട്ടി നാം ചുമലിലേറ്റേണ്ട കാര്യമില്ല. അവ മനസിനു ഭാരം വർധിപ്പിക്കുന്ന ചുമടുകളാണ്.

ദുഃഖകരമായ സംഭവങ്ങൾ ധാരാളം ഉണ്ടാകാമെങ്കിലും സുഖദായകമായ അനുഭവങ്ങൾ വളയേറെയാണ് എന്ന് സൂക്ഷിച്ചു നോക്കിയാൽ നമുക്കു കാണാൻ കഴിയും. പലരും ഒരു വർഷത്തെ നന്മതിന്മകളെ വിലയിരുത്തുന്നത് സ്വന്തം ജീവിതത്തെ മാത്രം മാനദണ്ഡമാക്കിയാണ്. എനിക്ക് നന്മകളോ ലഭിച്ചെങ്കിൽ ഇതു നല്ല വർഷം. ഇത്തരത്തിൽ ഇടുങ്ങിയ ചിന്തകൾ നന്നല്ല. നമുക്കു പുറമേയും ലോകമുണ്ട്. നമ്മുടെ സഹോദരങ്ങളുടെയും അയൽക്കാരുടെയും ജീവിതത്തിലെ നന്മ കൾ കൂട്ടിവച്ച് കഴിഞ്ഞ വർഷത്തെ വിലയിരുത്താൻ നമുക്കു കഴിയണം. അങ്ങനെ ചിന്തിക്കുമ്പോൾ കഴിഞ്ഞുപോകുന്നത് അനുഗ്രഹങ്ങളുടെ ഒരു തീരാ വർഷമാണെന്ന് നമുക്കു മനസിലാക്കാം.

നഷ്ടങ്ങളും നേട്ടങ്ങളും ജീവിതത്തിന്റെ ഇരുപുറങ്ങളുമായി വായിക്കാനുള്ള കാഴ്ച കാലം പകരുന്ന പാതയാണ്. “ഒരു വേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായി വരാം"എന്ന കവി വാക്യമോർക്കാം. ശരിയായി പരിശീലിക്കുന്ന എല്ലാ കയ്പുകളും മധുരിച്ചിടാം എന്ന പ്രതീക്ഷ യാണ് പുതുവത്സരത്തിന്റെ പ്രഭാതത്തിൽ മനസിൽ പതിയുന്ന ആദ്യ കിരണം. നന്മകൾ മാത്രമുള്ള ഭാണ്ഡക്കെട്ടുകൾ ഒരുക്കാം. ദുഃഖഭാരങ്ങളുടെ പൊതിക്കെട്ടുകൾ ദൂരെയെറിയാം. നിത്യനന്മയായ ദൈവത്തിൽ വിശ്വസിച്ച് ശുഭപ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പാഥേയവുമായി പുതു വത്സരത്തിലേക്കു പ്രവേശിക്കാം. ഏവർക്കും പുതുവത്സരാശംസകൾ


ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.