കോടിയേരിയുടെ മരണം, തലമുറ മാറ്റം; നേട്ടങ്ങളും കോട്ടങ്ങളുമായി രാഷ്ട്രീയ പാർട്ടികളുടെ പോയ വർഷം

കോടിയേരിയുടെ മരണം, തലമുറ മാറ്റം; നേട്ടങ്ങളും കോട്ടങ്ങളുമായി രാഷ്ട്രീയ പാർട്ടികളുടെ പോയ വർഷം

തിരുവനന്തപുരം: തലമുറ മാറ്റം അടക്കം കേരള രാഷ്ട്രീയത്തെ അടിമുടി മാറ്റിയ വര്‍ഷമാണ് കടന്നു പോകുന്നത്. 75 വയസ് പ്രായ പരിധി നിലനിര്‍ത്തി സമ്മേളന കാലത്ത് സിപിഎമ്മും സിപിഐയും കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി നേതൃത്വത്തിന് ചെറുപ്പമായി. ബുദ്ധിമുട്ടുകള്‍ക്കിടയിലും പാര്‍ട്ടി നേതൃത്വത്തില്‍ തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണന്റെ മരണം സിപിഎമ്മിനെ വല്ലാത്ത വിഷമത്തിലാക്കി.

എം.വി. ഗോവിന്ദന് സംസ്ഥാന സെക്രട്ടറി സ്ഥാനവും പി.ബി അംഗത്വവും കിട്ടിയത് ഇ.പി. ജയരാജന്റെ പിന്‍വാങ്ങലിലാണ് എത്തി നിന്നത്. ഏറ്റവും ഒടുവില്‍ ഇ.പി. ക്കെതിരെ വന്ന റിസോര്‍ട്ട് വിവാദം പാര്‍ട്ടിയെ പിടിച്ച് കുലുക്കി. സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഇ.പി ഇറങ്ങി വന്നെങ്കിലും വരും നാളുകള്‍ അദ്ദേഹത്തിന് അത്ര ഹാപ്പിയായിരിക്കില്ലെന്ന സൂചനയോടെയാണ് 2022 കടന്ന് പോകുന്നത്.

കാനം രാജേന്ദ്രന്‍ സി.പി.ഐയില്‍ അജയ്യനായി നില്‍ക്കുന്ന കാഴ്ചക്കാണ് 2022 സാക്ഷിയായത്. അതേ സമയം തന്നെ എല്‍.ഡി.എഫിലെ തിരുത്തല്‍ ശക്തിയെന്ന സി.പി.ഐയുടെ മറുപേരിന് പോയ വര്‍ഷം പല സംഭവങ്ങളിലായി കോട്ടം തട്ടി.

തൃക്കാക്കര വിജയം യു.ഡി.എഫിന് കൊടുത്ത ആത്മവിശ്വാസം വാനോളമായിരുന്നു. പക്ഷേ അത് നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. പതിവ് പോലെ പാളയത്തില്‍ പടയും തര്‍ക്കങ്ങളുമായി അവര്‍ മുന്നോട്ട് പോകുമ്പോള്‍ മുസ്ലീം ലീഗ് മുന്നണി വിടുമോ എന്ന ചര്‍ച്ചകളും അങ്ങിങ്ങായി നടക്കുന്നു. ഞങ്ങള്‍ യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് ലീഗിന് ആവര്‍ത്തിച്ച് പറയേണ്ട രാഷ്ട്രീയ സന്ദര്‍ഭം പല വട്ടമുണ്ടായി.

ഗ്രൂപ്പ് വഴക്കും തര്‍ക്കവും മൂലം ബി.ജെ.പിയ്ക്ക് കാര്യമായ മുന്നേറ്റമൊന്നുമുണ്ടാക്കാനാകാതെ പോയതും പോയ വര്‍ഷത്തെ പ്രത്യകതയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.