കൊച്ചി: വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധില്‍ വളരാന്‍ സഭയെ പഠിപ്പിച്ച ആളായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകല്‍ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യത്തെ തുടര്‍ന്ന് മാര്‍പാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും ഉന്നതമായ ക്രൈസ്തവസാക്ഷ്യവും നേതൃത്വവും നല്‍കി കടന്നുപോയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കാം.
ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിള്‍ പണ്ഡിതനുമായിരുന്ന ജോസഫ് റാറ്റ്‌സിങര്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ത്തന്നെ ശ്രദ്ധേയനായി. വത്തിക്കാന്‍ കൂരിയായിലെ അദേഹത്തിന്റെ സേവനവും സാന്നിധ്യവും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ അടിയുറച്ചതും പാരമ്പര്യ നിലപാടുകളോട് ചേര്‍ന്നുപോകുന്നതുമായിരുന്നു.
വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് എന്ന നിലയില്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടു ചേര്‍ന്നുനിന്ന് സഭയുടെ പ്രബോധനങ്ങള്‍ വ്യക്തമായും ശക്തമായും നല്‍കുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു.
2005 ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്തപ്പോഴും നിലപാടുകളുടെ വ്യക്തതയും വ്യക്തിത്വത്തിന്റെ സൗമ്യതയും ബനഡിക്ട് പതിനാറാമന്റെ പ്രത്യേകതകളായി തുടര്‍ന്നു. പൗരസ്ത്യസഭകളുമായി മാര്‍പാപ്പ അടുത്തബന്ധം പുലര്‍ത്തുകയും ഒരോ സഭയുടെയും തനിമ കാത്തുസൂക്ഷിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്തിരുന്നു.
ഓര്‍ത്തഡോക്‌സ് സഭകളോടുള്ള സാഹോദര്യത്തിലൂടെ സഭകള്‍തമ്മിലുള്ള ബന്ധത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. സീറോമലബാര്‍സഭയുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടി പിതൃസഹജമായ കരുതലോടെ നിര്‍ണായകമായ തീരുമാനങ്ങള്‍ തന്റെ ഭരണകാലത്തു ബനഡിക്ട് പാപ്പ എടുത്തതും നന്ദിയോടെ അനുസ്മരിക്കുന്നു.
മാര്‍പാപ്പയുടെ ഗൗരവമേറിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല എന്ന തിരിച്ചറിവില്‍ പാപ്പാ സ്ഥാനം രാജിവച്ചുകൊണ്ട് സഭാ ശുശ്രൂഷാരംഗത്ത് പരിശുദ്ധ പിതാവ് നല്‍കിയ മാതൃക കാലഘട്ടത്തിനുതന്നെ വഴികാട്ടിയായി നിലകൊള്ളുന്നു.
വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയില്‍ വളരാന്‍ സഭയെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബനഡിക്ട് പാപ്പായുടെ ജീവിതവും സന്ദേശവും സഭയുടെ മുന്നോട്ടുള്ള യാത്രയില്‍ പ്രകാശഗോപുരങ്ങളായി നിലനില്‍ക്കും. ദൈവം നല്‍കിയ എല്ലാ കഴിവുകളും വികസിപ്പിച്ചെടുത്ത് ദൈവത്തിനു മഹത്ത്വമേകിക്കൊണ്ടു കത്തോലിക്കാസഭയ്ക്കു ധീരമായ നേതൃത്വം നല്‍കിയ പരിശുദ്ധ പിതാവിനെ ഓര്‍ത്തു ദൈവത്തിനു നന്ദി പറയാം.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തില്‍ സീറോമലബാര്‍സഭയുടെ ദുഃഖവും വേദനയും അറിയിക്കുന്നു. സ്വര്‍ഗത്തിലിരുന്ന് മാര്‍പാപ്പ നമുക്കുവേണ്ടി പ്രാര്‍ഥിക്കുമെന്നതില്‍ സംശയമില്ല.
കാരുണ്യവാനായ ദൈവം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കുമാറാകട്ടെയെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.