തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു.
ചാന്‍സലര്‍ ബില്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത.
സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ വെടിനിര്‍ത്തലെന്ന് സൂചന നല്‍കി നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. എല്ലാ പരിധിയും വിട്ട് മാസങ്ങളായി തുടര്‍ന്ന പോര് അവസാനിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവര്‍ണര്‍ പറയാതെ പറയുന്നത്.
ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13 ന് സമ്മേളനം തീര്‍ന്നെങ്കിലും ഇതുവരെ ഗവര്‍ണറെ അറിയിച്ചിരുന്നില്ല. നയപ്രഖ്യാപന പ്രസംഗം നീട്ടി കഴിഞ്ഞ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തടെ നിയമസഭാ സമ്മേളനം 23 ന് തുടങ്ങും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.. സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.