കോഴിക്കോട്: അട്ടിമറിക്ക് കളമൊരുക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കണ്ണൂരും കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം. സ്വര്‍ണക്കപ്പിലേക്കുള്ള ദൂരത്തിൽ മൂന്നാം ദിവസവും കണ്ണൂരാണ് മുന്നിൽ. വെറും നാല് പോയിന്റ് വ്യത്യാസത്തിൽ കോഴിക്കോടിനൊപ്പം പാലക്കാടും തൊട്ട് പിന്നാലെയുണ്ട്. 663 പോയിന്റാണ് കണ്ണൂരിനുള്ളത്. 659 പോയിന്റുവീതം ആതിഥേയരായ കോഴിക്കോടിനും നിലവിലെ ജേതാക്കളായ പാലക്കാടിനുമുണ്ട്.
ആദ്യ ദിനം മുതല്‍ വേദികളില്‍ മിന്നുന്ന പോരാട്ടം കാഴ്ചവച്ചാണ് പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അട്ടിമറി ലക്ഷ്യമിട്ട് പാലക്കാടും കോഴിക്കോടും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കപ്പ് നിലനിര്‍ത്താന്‍ പാലക്കാടും കപ്പ് തിരികെപ്പിടിക്കാന്‍ കോഴിക്കോടും അരയും തലയും മുറുക്കി മത്സരത്തിനിറങ്ങുമ്പോള്‍ വിജയിയെ അറിയാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും.
631 പോയിന്റുകള്‍ സ്വന്തമാക്കി തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 622 പോയിന്റുമായി എറണാകുളം ജില്ല നാലാം സ്ഥാനത്തും പോരാട്ടം തുടരുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 143 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോഴാണ് ഈ നില. സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ 58 ഇനങ്ങളിലാണ് ഇനി മത്സരങ്ങള്‍ പൂര്‍ത്തിയാകാനുള്ളത്.
സ്‌കൂളുകളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. 117 പോയിന്റുമായാണ് കാര്‍മലിന്റെ മുന്നേറ്റം. 101 പോയിന്റുകള്‍ സ്വന്തമാക്കിയ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ് രണ്ടാം സ്ഥാനത്തുള്ളത്.
93 പോയിന്റുമായി കണ്ണൂര്‍ സെന്റ് തെരേസാസ് മൂന്നാം സ്ഥാനത്തും 70 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ഹില്‍സ് എച്ച്എസ്എസ് നാലാം സ്ഥാനത്തും വാശിയേറിയ പോരാട്ടം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.