അനീമിയ: ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

 അനീമിയ: ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവ കേരളം സംസ്ഥാനതല കാമ്പയിന്‍ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്.

പതിനഞ്ച് വയസിനും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാര്‍ഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ യോഗം നടത്തിയാണ് വിളര്‍ച്ച പ്രതിരോധത്തിന് വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് വിവ കേരളം കാമ്പയിന് ആരോഗ്യ വകുപ്പ് അന്തിമ രൂപം നല്‍കിയത്. 15 മുതല്‍ 59 വയസുവരെയുള്ള വനിതകളില്‍ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. വിവിധ ജില്ലകളിലായി ജില്ലാതല പരിശീലനം നടത്തുന്നുണ്ട്. അനീമിയ രോഗ നിര്‍ണയത്തിനുള്ള 12 ലക്ഷം കിറ്റുകള്‍ ലഭ്യമാണ്. ഇതിന് പുറമേ കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള അനിമീയ കാമ്പയിനും നടത്തുക്കും. ഹെല്‍ത്ത് ഫീല്‍ഡ് വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവര്‍ ഏകോപിപ്പിച്ച് കാമ്പയിനില്‍ പങ്കെടുക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തില്‍ ആയുഷ് മേഖലയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.