വിമാനത്തില്‍ മോശമായി പെരുമാറുന്നവരെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാം; കര്‍ശന നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

വിമാനത്തില്‍ മോശമായി പെരുമാറുന്നവരെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാം; കര്‍ശന നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം.

അനുരഞ്ജന ശ്രമങ്ങള്‍ ഫലം കാണാതെ വന്നാല്‍ ആവശ്യമെങ്കില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു.വിമാനത്തിനുള്ളില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. പ്രശ്‌നക്കാര്‍ക്കെതിരെ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ കേസെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശം നല്‍കി.

ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുടെ പരാതിയില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ വിമാനത്തിലെ പൈലറ്റ്, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു. ഈ സംഭവങ്ങളില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് വിമാന യാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ഡി.ജി.സി.എ ചൂണ്ടിക്കാണിച്ചു.

യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനകത്തെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് സാധിച്ചാലും സാഹചര്യം പെട്ടെന്നു തന്നെ വിലയിരുത്തി കൂടുതല്‍ നടപടികള്‍ക്കായി എയര്‍ലൈന്‍ സെന്‍ട്രല്‍ കണ്‍ട്രോളിനെ വിഷയം അറിയിക്കേണ്ടതും പൈലറ്റിന്റെ ഉത്തരവാദിത്വമാണ്. വിമാനക്കമ്പനികള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് - ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി. കേസില്‍ പ്രതിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കമ്പനി പുറത്താക്കി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. ഇയാള്‍ക്കെതിരെയുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.