കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 935 പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിട്ടു. ഇരു ജില്ലകള്‍ക്കും 913 പോയിന്റ് വീതമുണ്ട്. 907 പോയിന്റുമായി തൃശൂര്‍ മൂന്നാമതും 871 പോയിന്റുമായി എറണാകുളം നാലാതും എത്തി.
പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവുമധികം പോയിന്റുള്ള സ്‌കൂള്‍. 156 പോയിന്റുള്ള ഗുരുകുലം സ്‌കൂളിനു പിന്നില്‍ 142 പോയിന്റുള്ള തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍ രണ്ടാമതും എത്തി. സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂര്‍, സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് കാസര്‍ഗോഡ് എന്നീ സ്‌കൂളുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ എത്തിയത്.
ഏഴു വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാകുന്നത്. ജനുവരി മൂന്നു മുതല്‍ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുത്തു. 239 ഇനങ്ങളിലായിരുന്നു മത്സരം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.
അതേസമയം കോടതിയില്‍ നിന്ന് അപ്പീല്‍ വഴി കലോല്‍സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് മത്സര ഫലത്തില്‍ തീരുമാനമാകാതെ ആശങ്കയിലായിരിക്കുന്നത്. ജില്ലാതല മത്സര ഫലം ചോദ്യം ചെയ്ത് കോടതി വഴി അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത 94 മത്സരഫലങ്ങളാണ് തടഞ്ഞു വെച്ചിട്ടുള്ളത്. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടേയോ സ്‌കൂളിന്റേയോ പോയിന്റു നിലയില്‍ പ്രതിഫലിക്കില്ല. ഇക്കാര്യത്തില്‍ എ.ജിയുടെ നിയമോപദേശം ഉണ്ടെന്നാണ് സംഘാടകരുടെ നിലപാട്.
ജില്ലാതലത്തില്‍ നിന്ന് കോടതി ഉത്തരവ് വഴി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ. ഫലം പ്രഖ്യാപിക്കണമെന്ന് വ്യവസ്ഥയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. അപ്പീലുകളില്‍ അനുകൂല വിധി നേടിയ 94 വിദ്യാര്‍ത്ഥികളാണ് ഇന്നലെ വരെ വിവിധ പരിപാടികളില്‍ പങ്കെടുത്തത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിലപാട് ചോദ്യം ചെയ്ത് തൃശൂര്‍ മുനിസിപ്പല്‍ കോടതിയില്‍ നിന്നുള്ള അപ്പീലിന്റെ അടിസ്ഥാനത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥി ഫലപ്രഖ്യാപനം ആവശ്യപ്പെട്ട് അതേ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. എന്നാല്‍ ഇത് പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇതു വരെ തയ്യാറായില്ല.
നിലവില്‍ കോടതി വഴി അപ്പീല്‍ നല്‍കിയവരുടെ ഫലം മാത്രമാണ് തടഞ്ഞു വെച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് വഴി അപ്പീല്‍ നല്‍കി മത്സരത്തിനെത്തിയവരുടെ ഫലം തടഞ്ഞിട്ടില്ല. കോടതിയില്‍ അപ്പീലിന് പോയ വിദ്യാര്‍ഥികളില്‍ പലര്‍ക്കും മത്സരിക്കാനുള്ള അവസരം നല്‍കണമെന്ന ഉത്തരവാണ് ലഭിച്ചിട്ടുള്ളത്.
വിദ്യാര്‍ഥിയെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാല്‍ ആ കുട്ടിയെ പങ്കെടുപ്പിക്കുക എന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നുണ്ടെങ്കിലും ഫലം പ്രഖ്യാപിക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.