ബെനഡിക്ട് മാര്‍പാപ്പ സഭയുടെ മാര്‍ഗദീപം: മാര്‍ ആലഞ്ചേരി

ബെനഡിക്ട് മാര്‍പാപ്പ സഭയുടെ മാര്‍ഗദീപം: മാര്‍ ആലഞ്ചേരി

സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനത്തിന്റെ ഉദ്ഘാടനം മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കുന്നു. സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ എന്നിവര്‍ സമീപം

കൊച്ചി: കാലം ചെയ്ത ബെനഡിക്ട് മാര്‍പാപ്പ തിരുസഭയുടെ മാര്‍ഗ ദീപമായിരുന്നുവെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി ഒന്‍പത് തിങ്കളാഴ്ച രാവിലെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് സിനഡ് സമ്മേളനത്തിന് തുടക്കമായത്. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 58 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്. കോഴിക്കോട് രൂപതാധ്യക്ഷനായ അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് നയിച്ച മൂന്നു ദിവസത്തെ ധ്യാനത്തെത്തുടര്‍ന്നാണ് സിനഡിന്റെ ഔദ്യോഗിക സമ്മേളനം ആരംഭിച്ചത്.

പുതിയ വര്‍ഷത്തില്‍ സഭയുടെമേല്‍ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. ആത്മീയ ചൈതന്യം നിറഞ്ഞു നിന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ കര്‍ദിനാള്‍ പങ്കുവെച്ചു. സീറോമലബാര്‍ സഭയുടെ നന്മ ആഗ്രഹിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെടുത്ത ധീരമായ നടപടികളെ നന്ദിയോടെ അനുസ്മരിക്കുകയും ആ വിശുദ്ധ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ എന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ജഗദല്‍പുര്‍ രൂപതാധ്യക്ഷനായിരുന്ന മാര്‍ സൈമണ്‍ സ്റ്റോക്ക് പാലത്ര സി.എം.ഐയുടെ നിര്യാണത്തില്‍ സിനഡ് പ്രാര്‍ത്ഥനാപൂര്‍വ്വം അനുശോചിച്ചു.
സിബിസിഐ പ്രസിന്‍ഡന്റായി നിയമിതനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും റോമിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്റ്റായി നിയമിതനായ ആര്‍ച്ച് ബിഷപ്പ് ക്ലൗദിയോ ഗുജറോത്തിയെയും കര്‍ദ്ദിനാള്‍ അഭിനന്ദിച്ചു. പൗരസ്ത്യസഭകളുടെ കാര്യാലയത്തിന്റെ അധ്യക്ഷനായി ദീര്‍ഘകാലം സേവനം ചെയ്ത കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയുടെ നിസ്തുലങ്ങളായ സേവനങ്ങളെ സീറോമലബാര്‍ സഭ എക്കാലവും കൃതജ്ഞതയോടെ ഓര്‍ക്കുമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.

മലയോര കര്‍ഷകരുടെമേല്‍ പ്രതിസന്ധിയുടെ ഊരാക്കുടുക്കായി നില്‍ക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും ഉദ്യോഗസ്ഥരുടെ ദയാ ദാക്ഷണ്യങ്ങള്‍ക്ക് കര്‍ഷകരുടെ ഭാവി ബലികൊടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലെ ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയുടെ നാരായണ്‍പുര്‍ സേക്രഡ് ഹാര്‍ട്ട് ദൈവാലയം അടിച്ചു തകര്‍ത്തതിനെ സീറോമലബാര്‍ സഭാ സിനഡ് അപലപിച്ചു. മിഷനറിമാര്‍ക്കും കത്തോലിക്കാ വിശ്വാസികള്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ഇത്തരം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും സര്‍ക്കാരും നിയമപാലകരും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വി. കുര്‍ബാനയുടെ ഏകീകൃതയര്‍പ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെയാണ് മാര്‍പാപ്പ ഭരമേല്‍പിച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ രൂപപ്പെട്ടിട്ടുള്ള സമകാലിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ ഉണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

സഭയുടെ കൂട്ടായ്മ വളര്‍ത്താന്‍ എല്ലാവരും ഏകമനസോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയാറാകണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26