കുട്ടനാട് സിപിഎമ്മില്‍ വീണ്ടും കൂട്ട രാജി: ഇതുവരെ പാര്‍ട്ടി വിട്ടത് 250 പേര്‍; നാളെ അടിയന്തര യോഗം

 കുട്ടനാട് സിപിഎമ്മില്‍ വീണ്ടും കൂട്ട രാജി: ഇതുവരെ പാര്‍ട്ടി വിട്ടത് 250 പേര്‍; നാളെ അടിയന്തര യോഗം

ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് വീണ്ടും കുട്ടനാട് സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഏരിയ നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കൂട്ടരാജിയില്‍ കലാശിച്ചത്.

കുട്ടനാട്ടില്‍ ഒരു മാസത്തിനിടെ 250 ലധികം പേരാണ് പാര്‍ട്ടി വിട്ടത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50 പേര്‍ നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30 പേരാണ് രാജിക്കത്ത് നല്‍കിയത്.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നാളെ കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും.

കഴിഞ്ഞ സമ്മേളന കാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിഡിഎസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായും ആരോപണം ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.