വാഷിംഗ്ടൺ: മിക്ക രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ വെട്ടിക്കുറച്ച് ലോകബാങ്ക്. പുതിയ പ്രതികൂല ആഘാതങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി. റഷ്യ- ഉക്രെയ്‌ൻ യുദ്ധം സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.
ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2023 ല്‍ 1.7 ശതമാനം വര്‍ധിക്കുമെങ്കിലും 2009 ലെയും 2020 ലെയും മോശം സാമ്പത്തിക അവസ്ഥയ്ക്ക് ശേഷം 1991 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും ഇതെന്നും ലോകബാങ്ക് പറയുന്നു. 2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ലോകബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തില്‍ വികസനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമാവുകയാണ്. അതിനാല്‍ ആഗോള അഭിവൃദ്ധി നേരിടുന്ന തിരിച്ചടികള്‍ നിലനില്‍ക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ വളര്‍ന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ് വ്യവസ്ഥകളിലെയും ജിഡിപി കോവിഡിന് മുമ്പ് പ്രതീക്ഷിച്ചിരുന്ന നിലവാരത്തേക്കാള്‍ 6 തമാനം കുറവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്
ദക്ഷിണേഷ്യൻ മേഖലയെ സംബന്ധിച്ചിടത്തോളം 2023ലും 2024ലും യഥാക്രമം 3.6 ശതമാനം, 4.6 ശതമാനം എന്നിങ്ങനെയാണ് വളർച്ച. ഇതിന് പ്രധാനമായും കാരണം പാകിസ്ഥാനിലെ ദുർബലമായ വളർച്ചയാണെന്ന് ലോക ബാങ്ക് പറഞ്ഞു.
അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാകും. അമേരിക്ക പോലുള്ള വികസിത സമ്പദ് വ്യവസ്ഥകളില്‍, വളര്‍ച്ച 2023 ല്‍ 0.5 ശതമാനമായി കുറയും. ഈ വര്‍ഷം ചൈന 4.3 ശതമാനം വികസിക്കുമെന്ന് പ്രവചിച്ചു. ഇത് നേരത്തെ പ്രവചിച്ചതിനേക്കാള്‍ 0.9 പോയിന്റ് കുറവാണ്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കും.
1.5 ദശലക്ഷമോ അതില്‍ താഴെയോ ജനസംഖ്യയുള്ള ചെറിയ പ്രദേശങ്ങള്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരും.പണപ്പെരുപ്പം മിതമായിക്കൊണ്ടിരിക്കുമ്പോള്‍, സമ്മര്‍ദങ്ങള്‍ കൂടുതല്‍ സ്ഥിരമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളുണ്ടെന്നും സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും ലോക ബാങ്ക് അറിയിച്ചു.
മന്ദഗതിയിലുള്ള വളർച്ച, മോശം സാമ്പത്തിക സാഹചര്യങ്ങള്‍, കനത്ത കടബാധ്യത എന്നിവ നിക്ഷേപത്തെ ദുർബലപ്പെടുത്തുമെന്നും ലോക ബാങ്ക് പറയുന്നു. "ആഗോള മാന്ദ്യത്തിന്റെയും കടബാധ്യതയുടെയും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് അടിയന്തിര ആഗോള പ്രവർത്തനം ആവശ്യമാണ്" മാൽപാസ് വ്യക്തമാക്കി.
അതിനിടെ ലോകബാങ്ക് ഒഴികെയുള്ള വികസിത രാജ്യങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ വികസ്വര രാജ്യങ്ങൾക്കായി നൽകുന്ന വായ്പകളുടെ പരിധി വെട്ടിച്ചുരുക്കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സ്വകാര്യ സ്ഥാപനങ്ങൾ തള്ളിക്കളയുന്ന രാജ്യങ്ങൾ ലോകബാങ്കിനെയാകും സമീപിക്കുക.
എന്നാൽ ഇവരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റാൻ എത്രത്തോളം കഴിയുമെന്നത് ലോകബാങ്കിനെയും ആശങ്കയിലാക്കുന്നുണ്ട്. രാജ്യങ്ങൾക്ക് വായ്‌പ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കാൻ ഒരുങ്ങുകയാണ് ലോകബാങ്ക്.
അതേസമയം ആഗോള സമ്പദ്‌വ്യവസ്ഥ "സമ്മർദത്തിലായിട്ടും" ശരിയായ സർക്കാർ നയങ്ങൾ ഒരുപക്ഷെ പ്രതീക്ഷ നൽകാമെന്നും ലോകബാങ്ക് പറയുന്നു. നിക്ഷേപം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ദരിദ്ര രാജ്യങ്ങളുടെ കടങ്ങൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനുമുള്ള നടപടികൾക്ക് ലോകബാങ്ക് ശുപാർശ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.