ഹോട്ടലുകള്‍ക്ക് വൃത്തി അടിസ്ഥാനമാക്കി റേറ്റിങ്; പാഴ്‌സലുകളില്‍ സമയം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി

ഹോട്ടലുകള്‍ക്ക് വൃത്തി അടിസ്ഥാനമാക്കി റേറ്റിങ്; പാഴ്‌സലുകളില്‍ സമയം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് 'ഹൈജീന്‍ റേറ്റിങ്' ആപ്പ് പുറത്തിറക്കും.

ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങള്‍ക്ക് റേറ്റിങിനു വിധേയമാക്കാന്‍ കഴിയും. നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആപ്പിലൂടെ കഴിയുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മയൊണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. വെജിറ്റബിള്‍ മയൊണൈസ് അല്ലെങ്കില്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യാന്‍ പാടുള്ളു.

ഹോട്ടലുകളില്‍നിന്ന് വിതരണം ചെയ്യുന്ന പാഴ്‌സലുകളില്‍ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്നു സ്റ്റിക്കറില്‍ രേഖപ്പെടുത്തണം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും.

ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ മാത്രമായിരിക്കും.

ഓഡിറ്റോറിയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും നോട്ടിസ് നല്‍കലും ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തും.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സ്ഥലമാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. പരിശോധനാ നടപടികള്‍ ഓണ്‍ലൈനാകുന്നതോടെ കമ്മിഷണര്‍ക്കുവരെ തല്‍സമയം നടപടികള്‍ വിലയിരുത്താനും വീഴ്ചകള്‍ പരിഹരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.