അടിസ്ഥാനപരവും മാന്യവുമായ ആരോഗ്യ സംരക്ഷണം ഓരോ വ്യക്തിയുടെയും മൗലികാവകാശം: 31-ാമത് ലോക രോഗീദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ

അടിസ്ഥാനപരവും മാന്യവുമായ ആരോഗ്യ സംരക്ഷണം ഓരോ വ്യക്തിയുടെയും മൗലികാവകാശം: 31-ാമത് ലോക രോഗീദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: അടിസ്ഥാനപരവും മാന്യവുമായ ആരോഗ്യ സംരക്ഷണം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന ആഹ്വാനവുമായി 31-ാമത് ലോക രോഗികളുടെ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശം ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കി. ഏറ്റവും ദുർബലരായവരെ തള്ളിക്കളയുന്ന ഈ ലോകത്ത് നല്ല സമരിയാക്കാരൻ കരുണ കാണിക്കുകയും രോഗിയെ പരിചരിക്കുകയും ചെയ്യ്തതിന്റെ മാതൃക പിന്തുടരണമെന്നും കത്തോലിക്കരോട് പാപ്പ അഭ്യർത്ഥിച്ചു.

സഭ സിനഡൽ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ദുർബലതയുടെയും രോഗത്തിന്റെയും അനുഭവത്തിൽ നിന്ന് പഠിക്കാൻ നമുക്ക് കഴിയണം. സാമീപ്യവും സഹാനുഭൂതിയും ആർദ്രതയുമാണ് ദൈവത്തിന്റെ ശൈലിയെന്നും ഈ വസ്തുതയെക്കുറിച്ച് നാം ചിന്തിക്കണമെന്നും ഫ്രാൻസിസ് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

എല്ലാ വർഷവും ലൂർദ്ദ് നാഥയുടെ തിരുന്നാൾ ദിനമായ ഫെബ്രുവരി 11 നാണ് കത്തോലിക്കാ സഭ ലോക രോഗീദിനം ആചരിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിലെ നല്ല സമരിയാക്കാരന്റെ ഉപമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണത്തെ വാർഷികദിനാചരണത്തിന്റെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

"ഇവനെ പരിപാലിക്കുക: അനുകമ്പ, രോഗശാന്തിയുടെ സിനഡാത്മക അനുഷ്‌ഠാനം എന്ന നിലയിൽ" എന്നതാണ് മാർപ്പാപ്പ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം.

നല്ല സമറിയക്കാരൻറെ ഉപമയിൽ കവർച്ചചെയ്യപ്പെട്ട് വഴിയിൽ മുറിവേറ്റ് മൃതപ്രാണനായി കിടന്നയാളെ സത്രത്തിലെത്തിച്ചതിനു ശേഷം സത്രം സൂക്ഷിപ്പുകാരന്റെ കൈയ്യിൽ പണം കൊടുത്തിട്ട് മനുഷ്യ സ്നേഹിയായ സമറിയക്കാരൻ പറയുന്ന “ ഇവന്റെ കാര്യം നോക്കിക്കൊള്ളണം” എന്ന വാക്യം ആണ് പാപ്പ ഈ സന്ദേശത്തിന്റെ പ്രധാന വിചിന്തന പ്രമേയമാക്കിയിരിക്കുന്നത്.

ഒറ്റപ്പെടലിൽ അനുഭവിക്കുന്ന രോഗം മനുഷ്യത്വരഹിതമാണ്

രോഗികളോട് നാം കാണിക്കേണ്ട അനുകമ്പയും അവരെ പരിചരിക്കേണ്ടതിന്റെ പ്രാധാന്യവും "രോഗശാന്തിയുടെ ഒരു സിനഡാത്മക അനുഷ്‌ഠാനമായി" ഫ്രാൻസിസ് മാർപ്പാപ്പ തന്റെ സന്ദേശത്തിൽ ഉയർത്തിക്കാട്ടുന്നു. രോഗി ഏകാന്തതയിലും പരിചരണത്തിന്റെ അഭാവത്തിലും ജീവിക്കേണ്ടി വരുന്നത് ക്രൂരമാണ്.

രോഗം നമ്മുടെ മനുഷ്യജീവിതത്തിന്റെ ഭാഗമാണെങ്കിലും "ഒറ്റപ്പെടലും ഉപേക്ഷിക്കപ്പെടുന്നതും അനുഭവിക്കേണ്ടി വരുന്നതും, പരിചരണത്തിന്റെയും അനുകമ്പയുടെയും അഭാവത്തിൽ ജീവിക്കേണ്ടി വരികയും ചെയ്യുമ്പോൾ അത് മനുഷ്യത്വരഹിതമായി മാറുന്നു” എന്ന് പാപ്പ പറയുന്നു.

മാനവ ജീവിതാനുഭവത്തിന്റെ ഭാഗമായ രോഗത്തെയും ഒപ്പം പ്രായമേറുന്നതിനെപ്പോലും നിരാകരിക്കാൻ ഇന്ന് വ്യാപകമായ കമ്പോള സംസ്ക്കാരം നമ്മെ പഠിപ്പിക്കുന്നുവെന്നും മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

“അമ്പരപ്പ്, രോഗം, ബലഹീനത എന്നിവയുടെ അനുഭവങ്ങൾ മനുഷ്യ യാത്രയുടെ ഭാഗമാണ്. ദൈവജനത്തിൽ നിന്ന് നമ്മെ അകറ്റുന്നതിനുപകരം, ബലഹീനത അനുഭവിക്കുന്നവർ നമ്മെ കർത്താവിന്റെ ശ്രദ്ധ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. കാരണം അവൻ നമ്മുടെ പിതാവാണ്, വഴിയിൽ തന്റെ മക്കളിൽ ഒരാളെപ്പോലും നഷ്ടപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നും പാപ്പ ഓർമപ്പെടുത്തി.

നല്ല സമരിയാക്കാരൻ നൽകുന്ന സാഹോദര്യത്തിന്റെ സന്ദേശം

സുവിശേഷത്തിലെ നല്ല സമറിയക്കാരന്റെ ഉപമയിൽ കാണുന്ന, കൊള്ളക്കാരാൽ ക്രൂരമായി ഉപദ്രവിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത വ്യക്തിയുടെ "ഏകാന്തതയുടെയും ഉപേക്ഷിക്കപ്പെടലിന്റെയും അവസ്ഥ" ഇന്ന് "നമ്മുടെ നിരവധി സഹോദരീസഹോദരന്മാർ" അവർക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥയാണ്.

വാസ്തവത്തിൽ "യേശുവിന്റെ ഈ ഉപമയും ഇന്നത്തെ ലോകത്ത് സാഹോദര്യം നിഷേധിക്കപ്പെടുന്ന പല അവസ്ഥകളും തമ്മിൽ അഗാധമായ ബന്ധമുണ്ട്." എന്നാൽ അതിൽ "അനീതിയും അക്രമവും മൂലമുണ്ടാകുന്ന ബുദ്ധിശൂന്യമായ കാരണങ്ങളിൽ നിന്ന് മനുഷ്യജീവിതത്തിനും അന്തസ്സിനുമെതിരായ ആക്രമണങ്ങളെ വേർതിരിച്ചറിയാൻ" എളുപ്പമല്ലെന്നും മാർപ്പാപ്പ വിശദീകരിച്ചു.

നല്ല സമരിയാക്കാരൻ നമ്മോട് ഒരു വ്യത്യസ്തമായ കഥ പറയുന്നു: ഒരു മനുഷ്യൻ, "നിന്ദിക്കപ്പെട്ട ഒരു വിദേശി" അവനോട് ആ സമരിയക്കാരൻ "അനുകമ്പയോടെ പ്രവർത്തിക്കുകയും വഴിയിൽ വീണുപോയ ആ അപരിചിതനെ പരിചരിക്കുകയും അവനെ ഒരു സഹോദരനെപ്പോലെ പരിഗണിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യ്തതിലൂടെ ആ സമരിയക്കാരൻ ലോകത്തെ കൂടുതൽ സാഹോദര്യമുള്ളതാക്കുന്നു. അതിനെക്കുറിച്ച് ചിന്തിക്കാതെ തന്നെ അവൻ ഒരു മാറ്റമുണ്ടാക്കുകയാണ് ചെയ്തത്" എന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

നാമെല്ലാവരും ദുർബലരും എളുപ്പത്തില്‍ മുറിവേൽക്കപ്പെടുന്നവരുമാണ്

"നമ്മുടെ മാനുഷിക ബലഹീനതകൾക്ക് ഇടം നൽകാതെ" പരവതാനിക്ക് കീഴിൽ നമ്മുടെ ദുർബലതയെ തുടച്ചുനീക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന "കാര്യക്ഷമതയുടെ വ്യാപകമായ സംസ്കാരം" ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത് "നല്ല സമരിയാക്കാരന്റെ മാതൃകയിൽ സ്വയം അളക്കാൻ" സഭ വിളിക്കപ്പെടുന്നു. സഭ ഒരു യഥാർത്ഥ 'ഫീൽഡ് ഹോസ്പിറ്റൽ' ആയിത്തീരുന്നതിന് അത് സഹായകരമാകും."

അവളുടെ ദൗത്യം പരിചരണ പ്രവർത്തനങ്ങളിൽ പ്രകടമാണ് പ്രത്യേകിച്ച് നമ്മുടെ കാലത്തെ ചരിത്രപരമായ സാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി. “നാമെല്ലാവരും ദുർബലരും എളുപ്പത്തില്‍ മുറിവേൽക്കപ്പെടുന്നവരുമാണ്. അതിനാൽ രോഗികളുടെ ദുരവസ്ഥ കാണുമ്പോൾ നിസ്സംഗതയെ മാറ്റിവെച്ച് ആരും തങ്ങളെ പരിപാലിക്കാൻ ഇല്ലെന്ന മട്ടിൽ ബുദ്ധിമുട്ടുന്നവരുടെ കഷ്ടത കുറയ്ക്കുന്ന ഒരു വിളിയാണ് ഇതെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഒരുമിച്ച് മുന്നോട്ട് നീങ്ങുക

ലോക രോഗികളുടെ ദിനത്തിൽ ദുരിതമനുഭവിക്കുന്നവർ വേണ്ടിയുള്ള പ്രാർത്ഥനയ്ക്കും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതിനോടൊപ്പം ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം "നൂതനമായ രീതിയിൽ ഒരുമയോടെ മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ദൈവജനത്തിനിടയിലും ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലും ഈ പൗര സമൂഹത്തിലും ഒരു അവബോധം വളർത്താനും ലക്ഷ്യമിടുന്നു."

അത് മാത്രമല്ല "നല്ല സമരിയാക്കാരന്റെ ഉപമയുടെ ഉപസംഹാരം, മുഖാമുഖമായി ആരംഭിച്ച സാഹോദര്യത്തിന്റെ അനുഷ്ടാനം എങ്ങനെ സംഘടിത പരിചരണത്തിലേക്ക് വിപുലീകരിക്കാമെന്ന് സൂചിപ്പിക്കുന്നു" എന്നും പാപ്പ സന്ദേശത്തിൽ കുറിച്ചു.

അടിസ്ഥാനപരവും മാന്യവുമായ ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം

"അടിസ്ഥാനപരവും മാന്യവുമായ ആരോഗ്യപരിരക്ഷയ്ക്കുള്ള ഓരോ വ്യക്തിയുടെയും മൗലികാവകാശം ഉറപ്പുനൽകുന്നതിനുള്ള തന്ത്രങ്ങളുടെയും വിഭവങ്ങളുടെയും" അടിയന്തിര ആവശ്യത്തിലേക്ക് ഫ്രാൻസിസ് മാർപാപ്പ വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നു.

കോവിഡ് -19 മഹാമാരി “നിലവിലുള്ള നിലവിലുള്ള പൊതുക്ഷേമ സംവിധാനങ്ങളുടെ ഘടനാപരമായ പരിധികൾ" തുറന്നുകാട്ടുന്നു. അതേസമയം “വൈദഗ്ധ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മഹത്തായ ശൃംഖലകളെ എടുത്തുകാണിക്കുകയും ചെയ്യുന്നു” എന്നും പാപ്പ ചൂണ്ടിക്കാണിച്ചു.

"പരിക്കേറ്റ് വീണവനെ പരിപാലിക്കാൻ" സമരിയാക്കാരൻ സത്രക്കാരനെ വിളിക്കുന്നു (ലൂക്കാ 10:35). അതുപോലെ യേശു നമ്മോട് ഓരോരുത്തരോടും ഒരേ വിളിയിലൂടെ അഭിസംബോധന ചെയ്യുന്നു. "പോയി അതുപോലെ ചെയ്യുക" എന്ന് അവൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു (ലൂക്കാ 10:37).

"മറ്റുള്ളവരുടെ ദുർബലത തിരിച്ചറിയുന്ന സ്ത്രീപുരുഷന്മാർക്ക് എങ്ങനെ ഒരു സമൂഹത്തെ പുനർനിർമ്മിക്കാമെന്ന് ഈ ഉപമ നമുക്ക് കാണിച്ചുതരുന്നു. ഒറ്റപ്പെടുന്ന ഒരു സമൂഹത്തിന്റെ രൂപീകരണത്തെ നിരാകരിക്കണം. പകരം അവരുടെ നല്ല അയൽക്കാരായി പ്രവർത്തിക്കുക. നമ്മുടെ പൊതുനന്മയ്ക്കായി, വീണുപോയവരെ ഉയർത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക." (ഫ്രാത്തെല്ലി തൂത്തി നമ്പർ 67)

ആരെയും പിന്നിലാക്കാരുത്

രോഗികൾ ദൈവജനത്തിന്റെ കേന്ദ്രസ്ഥാനത്താണ്, അവർ എല്ലാവരും വിലപ്പെട്ടവരുമാണ്. അതിനാൽ ആരെയും തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യാത്ത മാനവികതയുടെ അടയാളമായി അവരോടൊപ്പം സഭ മുന്നേറുന്നുവെന്ന് തന്റെ സന്ദേശം ഉപസംഹരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ വീണ്ടും ആവർത്തിക്കുന്നു.

എല്ലാ രോഗികളെയും അവരുടെ കുടുംബങ്ങളിൽ അവരെ പരിചരിക്കുന്നവരെയും ഗവേഷകരെയും സന്നദ്ധസേവകരെയും “വ്യക്തിപരവും സഭാപരവും പൗരപരവുമായ സാഹോദര്യബന്ധങ്ങൾ നെയ്തെടുക്കാൻ പ്രതിജ്ഞാബദ്ധരായവർ” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, അവരെ മാതാവിന്റെ മധ്യസ്ഥതയിൽ ഏൽപ്പിച്ചുകൊണ്ടാണ് മാർപ്പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.