അധ്യാപികയെ ആറു വയസുകാരന്‍ വെടിവെച്ച സംഭവം; വിര്‍ജീനിയയില്‍ സ്‌കൂളുകളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കും

അധ്യാപികയെ ആറു വയസുകാരന്‍ വെടിവെച്ച സംഭവം; വിര്‍ജീനിയയില്‍ സ്‌കൂളുകളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കും

വിര്‍ജീനിയ: ആറു വയസുകാരന്‍ ക്ലാസ് മുറിയില്‍ അധ്യാപികയെ വെടിവച്ച പശ്ചാത്തലത്തില്‍ വിര്‍ജീനിയയിലെ എല്ലാ സ്‌കൂളുകളിലും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കാനുള്ള 90 വാക്ക്-ത്രൂ മെറ്റല്‍ ഡിറ്റക്ടറുകള്‍ വാങ്ങാന്‍ ബോര്‍ഡിന് അനുമതി ലഭിച്ചതായി ന്യൂപോര്‍ട്ട് ന്യൂസ് സ്‌കൂള്‍ ബോര്‍ഡ് അറിയിച്ചു. ബോര്‍ഡ് ചെയര്‍ ലിസ സുര്‍ലെസ്-ലോ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹൈസ്‌കൂളുകളിലും മിഡില്‍ സ്‌കൂളുകളിലും മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ പരിശോധനകളും നടത്താറുണ്ട്. എന്നാല്‍ കൊച്ചുകുട്ടികള്‍ പഠിക്കുന്ന എലിമെന്ററി സ്‌കൂളുകളില്‍ ഇത് സ്ഥാപിച്ചിട്ടില്ലെന്ന് ജില്ലാ സൂപ്രണ്ട് ജോര്‍ജ് പാര്‍ക്കര്‍ പറഞ്ഞു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സ്‌കൂളുകളിലും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കേണ്ട സമയമാണിതെന്ന് സുര്‍ലെസ്-ലോ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെടിവയ്പ്പ് നടന്ന റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളില്‍ ആദ്യത്തെ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കും. ജനുവരി ആറിന് ഒന്നാം ക്ലാസ് അധ്യാപിക 25 വയസുള്ള അബിഗെയ്ല്‍ സ്വെര്‍ണറിനാണ് ആറു വയസുകാരന്‍ ക്ലാസില്‍ കൊണ്ടുവന്ന തോക്കില്‍നിന്നു വെടിയേറ്റത്. കുട്ടിയുടെ അമ്മ നിയമപരമായി വാങ്ങിയ തോക്കാണ് കൃത്യത്തിന് ഉപയോഗിച്ചത്.

സ്‌കൂള്‍ വീണ്ടും തുറക്കുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മെറ്റല്‍ ഡിറ്റക്ടറുകളുടെ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. ഡിറ്റക്ടറുകള്‍ക്കു പുറമേ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റവും അച്ചടക്ക രേഖകളും അവലോകനം ചെയ്യുന്നതും ഉള്‍പ്പെടെ, സ്‌കൂള്‍ ആക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്തുമെന്ന് സുര്‍ലെസ്-ലോ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ സുതാര്യമായ ബാഗുകള്‍ ഉപയോഗിക്കണമെന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.

അതേസമയം, ആറു വയസുള്ള വിദ്യാര്‍ത്ഥിയുടെ പക്കല്‍ ആയുധമുണ്ടായിരുന്നുവെന്ന സൂചന ഒരു ജീവനക്കാരന് ലഭിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചെങ്കിലും ആയുധം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് അധ്യാപികയ്ക്ക് വെടിയേറ്റത്. ബാഗില്‍നിന്നാണ് കുട്ടി തോക്ക് പുറത്തെടുത്തത്.

മുന്നറിയിപ്പ് ലഭിച്ചപ്പോള്‍തന്നെ എന്തുകൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിക്കാത്തതെന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. വെടിവയ്പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.