തിരുവനന്തപുരം: അന്ധവിശ്വാസം തടയാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. മന്ത്രി സഭ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ബില്‍ നിയമ സഭയുടെ പരിഗണനയിലേക്ക് വരിക. നിലവില്‍ കരട് ബില്‍ ആഭ്യന്തര വകുപ്പ് വഴി മുഖ്യമന്ത്രിയുടെ പരിഗണനയിലേക്ക് അയച്ചെന്നാണ് വിവരം.
മതപരമായ ആചാരങ്ങളെ ഒഴിവാക്കി അന്ധവിശ്വാസങ്ങളെ ചെറുക്കുന്നതാണ് ബില്‍. ബില്ലിലെ വ്യവസ്ഥകള്‍ മതാചാരങ്ങളെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധനയ്ക്കുശേഷം ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. അഗ്‌നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്റെ ശുപാര്‍ശ.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷയും 5,000 മുതല്‍ 50,000 രൂപവരെ പിഴയുമാണു കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
ഒരാളുടെ അനുമതിയോടെ അനാചാരങ്ങള്‍ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാല്‍ ഐപിസിയില്‍ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നല്‍കണം. ഗുരുതരമായ പരുക്കാണെങ്കില്‍ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷംവരെ തടവും 5,000 മുതല്‍ 50,000 രൂപ വരെ പിഴയുമാണു ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കില്‍ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.