കാര്യവട്ടത്തെ കളി കാണാന്‍ ആളുകള്‍ കുറവ്; മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് കെ.സി.എ

കാര്യവട്ടത്തെ കളി കാണാന്‍ ആളുകള്‍ കുറവ്; മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് കെ.സി.എ

തിരുവനന്തപുരം: കാര്യവട്ടത്തെ കളികാണാന്‍ ആള് കുറഞ്ഞത് മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണെന്ന് കെസിഎ. മത്സരവുമായി ബന്ധപ്പെട്ട് കായികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനങ്ങള്‍ ടിക്കറ്റ് വില്‍പനയെ ബാധിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്് ജയേഷ് ജോര്‍ജ് പറഞ്ഞു.

മന്ത്രി വി. അബ്ദുറഹ്മാനുമായി ചര്‍ച്ചചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടതില്ല, കാശുള്ളവര്‍ കാണട്ടെ എന്ന രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

മന്ത്രി പഠിക്കാതെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്. അദ്ദേഹത്തെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. കാണികള്‍ കുറഞ്ഞതില്‍ സ്‌പോണ്‍സര്‍മാര്‍ നിരാശരാണ്. ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കുമെന്നും ജയേഷ് പറഞ്ഞു.

കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും നിറഞ്ഞുകവിഞ്ഞ ഗാലറി ഇന്നലെ ശുഷ്‌കമായിരുന്നു. 39,571 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ 12,000ത്തോളം പേര്‍ മാത്രമാണെത്തിയത്. ഇതില്‍ പകുതിയും സൗജന്യ പാസുകളായിരുന്നു.

6200ഓളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 97 ലക്ഷം രൂപയാണ് വരുമാനം. വില്‍പനക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍പോലും വില്‍ക്കാത്തത് കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.