അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയുധധാരികളായ കൊള്ളക്കാര്‍ പാരിഷ് റെക്ടറിക്ക് തീയിട്ടതിനെ തുടര്‍ന്ന് കത്തോലിക്കാ വൈദികന്‍ വെന്തു മരിച്ചു. മറ്റൊരു പുരോഹിതന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. നൈജീരിയയിലെ മിന്ന രൂപതയില്‍ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തലിക് പള്ളിയുടെ ഇടവക കെട്ടിടത്തില്‍ നിന്നാണ് ഫാ. ഐസക് അച്ചിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.
കഫിന്‍ കോറോ ഗ്രാമത്തില്‍ ഫാ. ഐസക് താമസിച്ചിരുന്ന പാരിഷ് റെക്ടറി ആയുധധാരികളായ കൊള്ളക്കാര്‍ ആക്രമിച്ചു തീയിട്ടതിനെ തുടര്‍ന്നാണ് രക്ഷപ്പെടാന്‍ കഴിയാതെ വൈദികന്‍ വെന്തുമരിച്ചത്. വസതിയില്‍ പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തീയിട്ടത്. റെക്ടറിയിലെ മറ്റൊരു പുരോഹിതനായ ഫാ. കോളിന്‍സ് ഒമേ രക്ഷപെട്ടു. പക്ഷേ, അക്രമികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫാ. ഐസക്, സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ പ്രാദേശികശാഖയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.
ആക്രമണം നടന്ന നൈജര്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ അല്‍ഹാജി സാനി ബെല്ലോ അബൂബക്കര്‍ ആക്രമണത്തെ, ദൈവ വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തി എന്നാണ് വിശേഷിപ്പിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പ്രാദേശിക സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി ദ ഡെയ്ലി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇതൊരു സങ്കടകരമായ അവസ്ഥയാണ്, ഒരു പുരോഹിതന്‍ ഇങ്ങനെ കൊല്ലപ്പെട്ടതില്‍ വേദനയുണ്ട്. ഈ സംഭവം അര്‍ത്ഥമാക്കുന്നത് നാമെല്ലാവരും സുരക്ഷിതരല്ല എന്നാണ്. നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊല അവസാനിപ്പിക്കാന്‍ കടുത്ത നടപടി ആവശ്യമാണ്' - ബെല്ലോ പറഞ്ഞു.
'വളരെ ആദരണീയനായ ഫാദര്‍ ഐസക്ക് അച്ചിയുടെ ആത്മാവ് പരിപൂര്‍ണ്ണ സമാധാനത്തില്‍ വിശ്രമിക്കട്ടെ' നൈജീരിയ കാത്തലിക് നെറ്റ്വര്‍ക്ക് പങ്കിട്ട പ്രസ്താവനയില്‍ മിന്ന രൂപത അനുശോചിച്ചു.
ഞായറാഴ്ച്ച ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ശുശ്രൂഷയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി സംഘടനയാണ് ആക്രമണം നടത്തിയത്.
ഒരു ദിവസം തന്നെ ആഫ്രിക്കയിലെ രണ്ടു രാജ്യങ്ങളിലായി ക്രൈസ്തവര്‍ക്കു നേരേയുണ്ടായ ആക്രമണത്തിന്റെ നടുക്കത്തിലാണ് വിശ്വാസി സമൂഹം. ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.
രാജ്യത്തു നടക്കുന്ന ക്രൈസ്തവ നരഹത്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഉണരണമെന്ന് നിരവധി തവണ നൈജീരിയന്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് അവഗണിക്കപ്പെടുകയാണ്.
ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍, ബൊക്കോ ഹറാം, ഫുലാനി ഹെര്‍ഡ്‌സ്മാന്‍ തീവ്രവാദികളാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.