സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കൊളീജിയത്തിലല്ല, സെര്‍ച്ച് കമ്മിറ്റിയില്‍: വിശദീകരണവുമായി കേന്ദ്രം

 സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കൊളീജിയത്തിലല്ല, സെര്‍ച്ച് കമ്മിറ്റിയില്‍: വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്ന സുപ്രീം കോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. കൊളീജിയങ്ങളില്‍ അല്ല മറിച്ച് ജഡ്ജിമാരെ നിശ്ചയിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധി വേണമെന്നാണ് നിര്‍ദേശിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു സുപ്രീം കോടതി ചീഫ് ജസ്റ്റിന് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം. ജഡ്ജിമാര്‍ ആരൊക്കെയാകണം എന്നത് സംബന്ധിച്ച പട്ടിക ആദ്യം തയ്യാറാക്കേണ്ടതുണ്ട്. പട്ടിക തയ്യാറാക്കുന്ന സമിതിയില്‍ സര്‍ക്കാരിന്റെ പ്രതിനിധി വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്നറിയിപ്പ് നല്‍കിയ സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ച് കത്ത് നല്‍കിയത്. സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം എത്തിയിരിക്കുന്നത്.

ജഡ്ജി നിയമന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എങ്ങനെ ഇത് കാര്യക്ഷമമാക്കാമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് കത്തിലുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം കത്ത് കൊളീജിയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.