ദുബായ്: മനോഹരമായ പൂന്തോട്ടമൊരുക്കിയിട്ടുളളവർക്കായി ഒരു ലക്ഷം ദിർഹം സമ്മാനമായി നല്‍കുന്ന പദ്ധതിയൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. ഇതിനായുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. വീടുകള്‍ക്ക് മുന്നില്‍ പൂന്തോട്ടം നട്ടുപിടിപ്പിച്ച് താമസസ്ഥലം ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ട സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28 വരെയാണ് രജിസ്ട്രേഷന്‍ ചെയ്യാനുളള അവസരം.അതിന് ശേഷം പൂന്തോട്ടം തയ്യാറാക്കുന്നതിനും അപേക്ഷകൾ പൂർത്തിയാക്കുന്നതിനും ഒരു കാലയളവ് അനുവദിക്കും.
2023 ഏപ്രിലിലാണ് നാണ് വിജയികളെ പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം 50,000 ദിർഹമാണ്. രണ്ടാം സ്ഥാനത്തിന് 30,000 ദിർഹവും മൂന്നാം സ്ഥാനത്തിന് 20,000 ദിർഹവുമാണ് സമ്മാനം.മൊത്തം 1,00,000 ദിർഹത്തിന്‍റെ സമ്മാനമാണ് നല്‍കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം പൂന്തോട്ടമൊരുക്കേണ്ടത്. മൂല്യ നിർണയവും മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും.
സ്വന്തം വീട്ടിലോ, അല്ലെങ്കില്‍ വാടകവീട്ടിലോ ആയിരിക്കണം പൂന്തോട്ടം ഒരുക്കേണ്ടത്. വീടിനു മുന്നിലെ സ്ഥലത്ത് കൃഷി നടത്തുന്നതിന് മുന്‍പ് ആർടിഎയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പൂന്തോട്ടത്തില്‍ ജൂറി അംഗങ്ങള്‍ക്ക് സന്ദർശനത്തിനും ഫോട്ടോഗ്രാഫിക്കും കൂടെയുളളവരുടെ അനുമതിയുണ്ടാകണം. സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രസിദ്ധികരിക്കുന്നതിനും അനുമതിയുണ്ടാകണം. www.dm.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കേണ്ടത്. കൂടുതല്‍ വിവരങ്ങളും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.