ന്യൂഡല്‍ഹി: ഓഫീസ് സമയം കഴിഞ്ഞാല്‍ ജോലി സംബന്ധമായ ഏതെങ്കിലും കോളുകള്‍ എടുക്കുന്നതില്‍ നിന്നും ഇ മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കുന്ന സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
എന്‍സിപി എംപി സുപ്രിയ സുലെയാണ് ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍, 2025' അവതരിപ്പിച്ചത്.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമ നിര്‍മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കഴിയും. മിക്ക കേസുകളിലും, നിര്‍ദിഷ്ട നിയമത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം അംഗം സ്വകാര്യ ബില്‍ പിന്‍വലിക്കുന്നതാണ് പതിവ്.
ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ കോളുകളില്‍ നിന്നും ഇ മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓരോ ജീവനക്കാരനും അവകാശം നല്‍കുന്നതാണ് ബില്‍. സമാനമായ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് എന്‍. ജയരാജ് എംഎല്‍എ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് എംപി കഡിയം കാവ്യ മറ്റൊരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും പിന്തുണ നല്‍കാനും ലക്ഷ്യമിടുന്ന ആര്‍ത്തവ ആനുകൂല്യ ബില്‍, 2025 ആണ് രണ്ടാമത്തെ സ്വകാര്യ ബില്‍. ആര്‍ത്തവ സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഒരു നിയമ ചട്ടക്കൂടിന് രൂപം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.