അപ്പോസ്തോലിക സന്ദർശനത്തിന് മുന്നോടിയായി ഡിആർ കോംഗോയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

അപ്പോസ്തോലിക സന്ദർശനത്തിന് മുന്നോടിയായി ഡിആർ കോംഗോയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: മധ്യ ആഫ്രിക്കൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അക്രമം വർധിക്കുന്ന അവസരത്തിൽ തന്റെ അപ്പോസ്തോലിക സന്ദർശനത്തിന് മുന്നോടിയായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ. ജനുവരി 31 മുതൽ അഞ്ച് വരെയാണ് മാർപ്പാപ്പ ഡിആർ കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും അപ്പസ്തോലിക സന്ദർശനം നടത്തുക.

ബുധനാഴ്ചത്തെ തന്റെ പൊതു സദസ്സിന്റെ അവസാന ഘട്ടത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള ഒരു കൂട്ടം തീർത്ഥാടകരെ ഫ്രാൻസിസ് മാർപാപ്പ സ്വാഗതം ചെയ്തു.

ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ താൻ ഡിആർ കോംഗോ സന്ദർശിക്കുമെന്ന് പാപ്പ ഓർമിപ്പിക്കുകയും രാജ്യത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

“ദൈവസാക്ഷ്യം വഹിക്കാൻ കഷ്ടപ്പെടുന്നതും അപകടസാധ്യത നിറഞ്ഞതുമായ രാജ്യത്തെ വിശ്വാസികൾക്കായി ഒരു ഇടയഹൃദയം നൽകണമെന്ന് നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. നമ്മെ ഭരമേല്പിച്ചിരിക്കുന്നവർക്കും നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നവർക്കും ദൈവവചനം എത്തിക്കുക എന്നത് ഒരു ബഹുമതി മാത്രമല്ല, കടമ കൂടിയാണ്” പാപ്പ വ്യക്തമാക്കി.

ആക്രമണത്തിൽ അനുശോചനമറിയിച്ച് പാപ്പ

കഴിഞ്ഞ ദിവസം ഡിആർസിയിൽ നടന്ന ഒരു തീവ്രവാദ ബോംബാക്രമണത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്റെ അതീവ ദുഃഖം രേഖപ്പെടുത്തി. ജനുവരി 15, ഞായറാഴ്ച ഉഗാണ്ടയുടെ അതിർത്തിയോടടുത്ത കിവു പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ നഗരമായ കാസിന്ദിയിലെ പെന്തക്കോസ്ത് പള്ളിയിലാണ് ഭീകരർ ആക്രമണം നടത്തിയത്.

നൂറുകണക്കിന് വിശ്വാസികൾ പള്ളിയിൽ തടിച്ചുകൂടിയിരുന്നു. പള്ളിയുടെ മുറ്റത്ത് നടന്ന സ്ഫോടനത്തിൽ ഏകദേശം 14 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കോംഗോയിലെ ചർച്ച് ഓഫ് ക്രൈസ്റ്റ് പ്രസിഡന്റ് റവ. ആന്ദ്രേ ബൊകുന്ദോ-ബോ-ലികാബെയെ അഭിസംബോധന ചെയ്തുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ, ഫ്രാൻസിസ് പാപ്പായുടെ പേരിലുള്ള അനുശോചനങ്ങൾ അറിയിച്ചു. സന്ദേശത്തിൽ നിരപരാധികളുടെ മരണത്തിന് കാരണമായ കാസിന്ദിയിലെ പെന്തക്കോസ്ത് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞതിൽ തനിക്ക് സങ്കടമുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു.

ഈ ദുരന്തത്തിൽ ദുഖാകുലരായിരിക്കുന്ന കുടുംബങ്ങൾക്ക് തന്റെ സാമീപ്യവും പ്രാർത്ഥനകളും അറിയിക്കുന്നുവെന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

മരണമടഞ്ഞവരെയും പരിക്കുക്കേറ്റവരെയും ഫ്രാൻസിസ് പാപ്പ ദൈവകാരുണ്യത്തിന് സമർപ്പിക്കുന്നുവെന്ന് എഴുതിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഏവരും ദൈവത്തിൽ ആശ്വാസവും വിശ്വാസവും കണ്ടെത്തട്ടെയെന്നും പാപ്പായുടെ പേരിൽ ആശംസിച്ചു. ഏവർക്കും സമാധാനമേകുവാനായി പാപ്പ പ്രാർത്ഥിക്കുന്നുവെന്നും കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.