നെയ്‌റോബി: അകക്കണ്ണിന്റെ വെളിച്ചത്തില്‍ പൗരോഹിത്യം സ്വീകരിച്ച കെനിയയിലെ മൈക്കല്‍ മിതാമോ കിംഗ്ഓറി എന്ന യുവാവ് രാജ്യത്തിന്റെ കത്തോലിക്ക സഭാ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു.
ഡീക്കനായി സേവനമനുഷ്ഠിക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെട്ട മൈക്കല്‍ മിതാമോയാണ് കര്‍ത്താവിന്റെ പുരോഹിതനായി ചരിത്രം സൃഷ്ടിച്ചത്. കെനിയയില്‍ ആദ്യമായാണ് കാഴ്ച വൈകല്യമുള്ള ഒരാള്‍ക്ക് പൗരോഹിത്യം നല്‍കുന്നത്. ഫാ. മൈക്കല്‍ മിതാമോ കിംഗ്ഓറിയുടെ പൗരോഹിത്യ സ്വീകരണം ജനുവരി 14 ന് കെനിയയില്‍ നൈറിയിലെ കത്തോലിക്കാ അതിരൂപതയിലാണ് നടന്നത്.
കിയാമുയിരു സെന്റ് ജോണ്‍ ബോസ്‌കോ പ്രൈമറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് ഫാ. മിതാമോ കിംഗ്ഓറി മറ്റ് അഞ്ച് ഡീക്കന്മാര്‍ക്കൊപ്പം പൗരോഹിത്യം സ്വീകരിച്ചത്. ഇടവകയില്‍ നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
ആര്‍ച്ച് ബിഷപ്പ് ആന്റണി മുഹേരിയയില്‍ നിന്നാണ് മൈക്കല്‍ മിതാമോ ഉള്‍പ്പെടെ ആറു പേര്‍ പൗരോഹിത്യം സ്വീകരിച്ചത്. ഫാ. മിതാമോ കിംഗ്ഓറിയുടെ പൗരോഹിത്യം വലിയ സന്തോഷത്തിനു കാരണമാണെന്നും ദൈവ വിളിക്ക് ഉത്തരം നല്‍കാന്‍ വൈകല്യങ്ങള്‍ ഒരു തടസമല്ലെന്നും ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു.
ഇത് ഭിന്നശേഷിയുള്ള ആളുകള്‍ക്ക് വലിയ ഉണര്‍വിനുള്ള ആഹ്വാനമാണ് നല്‍കുന്നതെന്നു കെനിയന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. 'ആഫ്രിക്കയിലെ ചരിത്രപ്രാധാന്യമുള്ള ഈ പൗരോഹിത്യ സ്വീകരണം വൈകല്യങ്ങള്‍ ദൈവം നല്‍കുന്ന സമ്മാനങ്ങളാണെന്ന് ഉള്‍ക്കൊള്ളാനുള്ള ഒരു നിമിഷമാണ്. അതുവഴി അവര്‍ക്ക് മറ്റ് കഴിവുകള്‍ വികസിപ്പിക്കാനും നമ്മുടെ സമൂഹത്തെ സമ്പന്നമാക്കാനും കഴിയും' - ആര്‍ച്ച് ബിഷപ്പ് മുഹേരിയ പറഞ്ഞു.
'ഞാന്‍ രോഗിയായി മാറിയപ്പോള്‍ എന്റെ ദൈവവിളി, ജീവിതം, പൗരോഹിത്യം എല്ലാം അവസാനിച്ചതുപോലെ എനിക്ക് തോന്നി. എന്നാല്‍ ദൈവം എന്നെ കൈവിട്ടില്ല. ആര്‍ച്ച് ബിഷപ്പ് പിതൃതുല്യമായ സ്നേഹത്തോടെ, പ്രോത്സാഹനത്തോടെ എന്റെ കൂടെ നിന്നു' - ഫാ. മിതാമോ കിംഗ്ഓറി പറഞ്ഞു.
ദൈവത്തിന് എല്ലാം സാധ്യമാണെന്ന വാക്കുകളോടെ നിരവധി പേരാണ് ഫാ. മൈക്കല്‍ മിതാമോയുടെ തിരുപ്പട്ട സ്വീകരണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
1953 ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് നൈറി രൂപത സ്ഥാപിച്ചത്. ഇപ്പോള്‍ അതിരൂപതയുടെ കീഴില്‍ ഏകദേശം അഞ്ചു ലക്ഷത്തിലധികം വിശ്വാസികളാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26