ഫ്രാൻ‌സിൽ വിരമിക്കൽ പ്രായം ഉയർത്താനുള്ള പദ്ധതി: പ്രതിഷേധവുമായി ഫ്രഞ്ച് യൂണിയനുകൾ

ഫ്രാൻ‌സിൽ വിരമിക്കൽ പ്രായം ഉയർത്താനുള്ള പദ്ധതി: പ്രതിഷേധവുമായി ഫ്രഞ്ച് യൂണിയനുകൾ

പാരീസ്: ഫ്രാൻസിസ് വിരമിക്കൽ പ്രായം ഉയർത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പരിഷ്‌കരണ നടപടിക്കെതിരെ പ്രതിഷേധവുമായി ഫ്രഞ്ച് യൂണിയനുകൾ. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഫ്രഞ്ച് യൂണിയനുകൾ കൂട്ട പണിമുടക്കുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നു.

പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബിൽ പ്രകാരം ജീവനക്കാരുടെ ഔദ്യോഗിക വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആയി ഉയരും. എന്നാൽ ദേശീയ അസംബ്ലിയിലെ ഇടതു-വലതുപക്ഷ പ്രതിപക്ഷങ്ങളെപ്പോലെ രാജ്യത്തെ എല്ലാ യൂണിയനുകളും നടപടിയെ അപലപിച്ചു. തങ്ങളുടെ പക്ഷത്ത് നിൽക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്ന "പരിഷ്ക്കരണവാദി" എന്ന് വിളിക്കപ്പെടുന്ന യൂണിയനുകൾ ഉൾപ്പെടെയാണ് ഭരണകൂടത്തിന് തിരിച്ചടി നൽകി നടപടിയെ അപലപിച്ച് രംഗത്തെത്തിയത്.

പ്രതിഷേധത്തെ തുടർന്ന് ഇന്റർസിറ്റി, കമ്മ്യൂട്ടർ ട്രെയിൻ സർവീസുകൾ കാര്യമായി തടസ്സപ്പെടും. നിരവധി സ്‌കൂളുകളും മറ്റ് പൊതു സേവനങ്ങളും അടച്ചിടും. പാരീസിലെ ഓർലി വിമാനത്താവളത്തിൽ നിന്നുള്ള അഞ്ചിൽ ഒന്ന് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ പാരീസ് മെട്രോയിൽ രണ്ട് ഡ്രൈവറില്ലാ ലൈനുകൾ മാത്രമേ സാധാരണ പ്രവർത്തിക്കൂ.

പാരീസിലും മറ്റ് നഗരങ്ങളിലും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വലിയ പ്രതിഷേധ പ്രകടനങ്ങക്കും പ്രതീക്ഷിക്കുന്നുണ്ട്. തീവ്ര ഇടത് പക്ഷക്കാരായ "ബ്ലാക്ക് ബ്ലോക്ക്" നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് അക്രമം ഉണ്ടായാൽ നടപടി സ്വീകരിക്കാൻ പോലീസ് നിർദേശമുണ്ട്. വ്യാഴാഴ്‌ച എലിസി കൊട്ടാരത്തിന്റെ (ഫ്രഞ്ച് പ്രസിഡന്റുമാർ താമസിക്കുന്ന ഔദ്യോഗിക വസതി) മതിലുകൾ വിറയ്ക്കണം എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഫാബിൻ റൗസൽ ചൊവ്വാഴ്ച പറഞ്ഞത്.

പ്രായപരിധി എല്ലാ വര്‍ഷവും മൂന്ന് മാസം കൂടുകയും അങ്ങനെ 2030 ല്‍ 64 ല്‍ എത്തിക്കുകയും ചെയ്യണമെന്നാണ് ഈ മാസമാദ്യം പ്രധാനമന്ത്രി എലിസബത്ത് ബോൺ വ്യക്തമാക്കിയത്. മാത്രമല്ല 2027 മുതൽ മുഴുവൻ പെൻഷനും അർഹത നേടുന്നതിന് ആളുകൾക്ക് 43 വർഷം ജോലി ചെയ്യേണ്ടി വരും, ഇപ്പോൾ അത് 42 വർഷമാണ്.

ഫ്രാൻസിന്റെ ഷെയർ-ഔട്ട് പെൻഷൻ സമ്പ്രദായം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയെന്ന് സർക്കാർ ഇതിനെ പ്രശംസിക്കുമ്പോഴും ഈ പരിഷ്‌കാരം പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യമല്ലെന്ന് സർവേകൾ തെളിയിക്കുന്നു. ഈ ആഴ്ച ഐഎഫ്ഒപി (The Institut français d'opinion publique) നടത്തിയ ഒരു സർവേയിൽ 68 ശതമാനം പേരും ഈ പദ്ധതിയെ തങ്ങൾ എതിർക്കുന്നുവെന്ന് വ്യക്തമാക്കി.

ഇമ്മാനുവൽ മാക്രോണിന്റെ നവോത്ഥാന പാർട്ടിക്ക് അസംബ്ലിയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ, ബില്ല് പാസാക്കാനായി കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടിയുടെ 60 ഓളം എംപിമാരുടെ പിന്തുണ പ്രസിഡന്റിന് ആവശ്യമായി വരും. എന്നാൽ തത്വത്തിൽ പെൻഷൻ പരിഷ്കരണത്തിന് അനുകൂലമാണെങ്കിലും ചിലർ എതിർത്ത് വോട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാർലമെന്ററി നടപടികൾക്ക് ആഴ്‌ചകളോളം സമയം എടുക്കുമെന്നതിനാൽ ഈ കാലയളവിൽ മാക്രോൺ വലിയ പ്രതിഷേധത്തെ നേരിടേണ്ടി വരും. മുന്നോട്ടുള്ള ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകാൻ സാധ്യതയുണ്ട്. ഗതാഗതം, ആശുപത്രികൾ, ഇന്ധന ഡിപ്പോകൾ എന്നിവിടങ്ങളിൽ പണിമുടക്ക് നടത്തുന്നതാണ് രാജ്യത്തെ സ്തംഭിപ്പിക്കുന്നത്.

ഒരു വശത്ത് പണപ്പെരുപ്പം, ഊർജപ്രതിസന്ധി, മുടങ്ങിക്കിടക്കുന്ന പൊതുസേവനങ്ങളുടെ നിരന്തരമായ റിപ്പോർട്ടുകൾ എന്നിവ രാജ്യത്ത് ഒട്ടേറെ പേരെ ഉത്കണ്ഠാകുലരും രോഷാകുലരുമാക്കുന്നുണ്ട്. പ്രതിസന്ധി തുടർന്ന് പോയാൽ സമ്പന്നമായ നഗരങ്ങൾക്ക് പുറത്ത് പ്രസിഡന്റ് മാക്രോണിന്റെ മോശം പ്രതിച്ഛായ മൂലം നാല് വർഷം മുമ്പ് ഉണ്ടായ "യെല്ലോ-വെസ്റ്റ്" കലാപം വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.

അതേസമയം മറുവശത്ത് യൂണിയനുകൾ പോലുള്ള "പഴയ-സ്കൂൾ" സാമൂഹിക പ്രസ്ഥാനങ്ങളുമായി ഇനിയും ബന്ധപ്പെടാത്ത നിരവധി ആളുകൾക്കിടയിൽ ഒരു രാജി ബോധവും നിരീക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഒരു ദിവസത്തെ വരുമാനം നഷ്ടമാകുമോ എന്ന ആശങ്കയിൽ പലരും പണിമുടക്ക് സമരങ്ങളോട് യോജിക്കാതെ വരും.

ആളുകളെ കൂടുതൽ വർഷം ജോലി ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിക്കാൻ പ്രധാനമന്ത്രി "ഇന്റർ-ജനറേഷൻ സോളിഡാരിറ്റി" എന്ന തത്വമാണ് ഉപയോഗിച്ചത്. ഫ്രാൻസിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് മൂലധന നിക്ഷേപവുമായി ബന്ധിപ്പിച്ച വ്യക്തിഗത പെൻഷൻ പദ്ധതികൾ ഉള്ളത്.

പകരം ജോലിയിലുള്ളവർ എല്ലാ മാസവും സംഭാവന ചെയ്യുന്ന അതേ പൊതു ഫണ്ടിൽ നിന്നാണ് വിരമിച്ചവരുടെ പെൻഷൻ നൽകുന്നത്. അതിനാൽ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ അതേ സംഭാവനയുടെ പ്രയോജനം ലഭിക്കുമെന്ന് തൊഴിലാളികൾക്ക് ഉറപ്പുണ്ട്.

എന്നാൽ ജോലി ചെയ്യുന്നവരും വിരമിക്കുന്നവരും തമ്മിലുള്ള അനുപാതം അതിവേഗം കുറയുന്നതിനാൽ ഈ സംവിധാനം ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് സർക്കാർ പറയുന്നു. 50 വർഷം മുമ്പ് ഒരു വിരമിച്ച ഒരാൾക്ക് പെൻഷൻ നല്കാൻ നാല് തൊഴിലാളികളുടെ സംഭാവനകൾ എന്നതിൽ നിന്ന്, ഈ അനുപാതം നിലവിൽ വിരമിച്ച ഒരാൾക്ക് ഏകദേശം 1.7 ആയി കുറഞ്ഞു. ഇത് വരും വർഷങ്ങളിൽ കൂടുതൽ കുറയുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.

മുമ്പ് 2019 അവസാനത്തോടെ വിരമിക്കൽ പ്രായം പരിഷ്കരിക്കാൻ പ്രസിഡന്റ് മാക്രോൺ ശ്രമിച്ചിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായിരുന്നു ഈ പദ്ധതി.

എന്നാൽ നിലവിൽ സംവിധാനത്തിന് സാങ്കേതികമായി കമ്മിയില്ലാത്തതിനാൽ അടിയന്തരമായി പ്രവർത്തിക്കേണ്ട കാര്യമില്ലെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. ആളുകളെ കൂടുതൽ വർഷം ജോലി ചെയ്യിപ്പിക്കുന്നതിന് പകരം മെച്ചപ്പെട്ട നിലയിലുള്ളവർക്ക് പെൻഷൻ വെട്ടിക്കുറയ്ക്കുന്നത് പോലെയുള്ള മാർഗങ്ങളിലൂടെ ചെലവ് ലാഭിക്കുന്നതിനുള്ള ബദലുകളുണ്ടെന്നും അവർ പറയുന്നു.

മാത്രമല്ല ഈ പരിഷ്‌കരണത്തിന്റെ ഭാരം ഏറ്റവും ദരിദ്രരാണ് അനുഭവിക്കേണ്ടിവരുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. ദരിദ്രർ ജീവിതത്തിൽ നേരത്തെ തന്നെ ജോലി തുടങ്ങാൻ പ്രവണത കാണിക്കുന്നവരാണ്, അതിനാൽ സാധാരണയായി 62 വയസ്സ് ആകുമ്പോഴേക്കും പൂർണ പെൻഷനുള്ള അവകാശം നേടിയിട്ടുണ്ട്. പരിഷ്കരണം പ്രാബല്യത്തിൽ വരികയാണെങ്കിൽ അവർക്ക് അധിക ആനുകൂല്യമൊന്നും കൂടാതെ രണ്ട് വർഷം കൂടി അധികമായി ജോലി ചെയ്യേണ്ടിവരുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളും ഔദ്യോഗിക വിരമിക്കൽ പ്രായം ഉയർത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഉദാഹരണത്തിന് ഇറ്റലിയിലും ജർമ്മനിയിലും 67 വയസിലും സ്പെയിൻ 65 വയസിലുമാണ് ആളുകൾ വിരമിക്കുന്നത്. യുകെയിൽ ഇത് നിലവിൽ 66 ആണ്. 1982 ൽ അന്നത്തെ പ്രസിഡന്റ് ഫ്രാൻസ്വാ മിത്തറാൻഡ് ഫ്രാൻസിസ് വിരമിക്കൽ പ്രായം 60 ആയി കുറച്ചതിനുശേഷം ഇത് ഏഴാമത്തെ ഫ്രഞ്ച് പെൻഷൻ പരിഷ്കരണമാണ്. 60 വയസിൽ നിന്നുള്ള ഓരോ മാറ്റങ്ങളും ബഹുജന എതിർപ്പിനെ മറികടന്നായിരുന്നുവെന്ന് മുൻകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.