തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നതില്‍ കേരളം വന്‍വീഴ്ചവരുത്തിയതായി സി.എ.ജി.യുടെ റിപ്പോര്‍ട്ട്. പലയിടത്തും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ജൂലൈയില്‍ പ്രസിദ്ധീകരിച്ച കട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ അനുവര്‍ത്തന ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് പ്രസക്തിയേറുന്നു. 2016-2021 കാലത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കല്‍, ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കല്‍, പരിശോധന, സാംപിള്‍ ശേഖരണം, ഭക്ഷ്യവിശകലനം, നിരീക്ഷണം, എന്നിവയില്‍ വിവിധഘട്ടങ്ങളില്‍ അപാകം നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ കുറവുകാരണം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല.
പരിശോധന നടത്തേണ്ട ഓഫീസര്‍മാര്‍ ലൈസന്‍സുള്ള ഭക്ഷ്യസ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനുള്ള കാലയളവ് നിര്‍ദേശിക്കാത്തത് വലിയ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രജിസ്‌ട്രേഷനുള്ള കാറ്ററിങ് സ്ഥാപനങ്ങള്‍ പോലുള്ളവ വര്‍ഷം തോറും പരിശോധിക്കണമെന്ന വ്യവസ്ഥ വകുപ്പ് പാലിച്ചിട്ടുമില്ല.
സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി വിജ്ഞാപനം ചെയ്ത ലബോറട്ടറികളില്‍ എല്ലാ ഘടകങ്ങളുടെയും പരിശോധനയ്ക്ക് ഗുണനിലവാര മാനദണ്ഡമായ എന്‍.എ.ബി.എല്‍. അംഗീകാരം നേടാനാവാത്തത് പ്രധാന പോരായ്മയാണ്. ശബരിമലക്ഷേത്രത്തിലെ വഴിപാടുസാധനങ്ങള്‍, അസംസ്‌കൃതവസ്തുക്കള്‍ എന്നിവ ആവശ്യമായ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് തൃപ്തികരം എന്നു രേഖപ്പെടുത്തുന്നത്. പിഴയും പിരിച്ചെടുക്കുന്നതിലും വീഴ്ചവരുത്തി.
അതേസമയം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി പ്രത്യേക ദൗത്യസംഘം (ഇന്റലിജന്‍സ്) രൂപവത്കരിച്ചു. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനും മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തും മുമ്പ് തടയാനുമാണ് സംഘം രൂപവത്കരിച്ചത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് പ്രത്യേക ദൗത്യസേനയിലുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സി.എ.ജി.ശുപാര്‍ശകള്‍ ഇങ്ങനെ:
എല്ലാ ഭക്ഷ്യോത്പാദന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക, അപേക്ഷകളില്‍ കാലതാമസം വരുത്താതിരിക്കുക.
കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് മുന്‍കൂര്‍വിവരം ലഭിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക.
പരമാവധി ഭക്ഷ്യസാംപിളുകള്‍ പരിശോധിക്കുന്നതിനും ഭക്ഷ്യയോഗ്യമല്ലാത്തവ വിപണിയില്‍നിന്ന് നീക്കുന്നതിനും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക.
വകുപ്പിന് കീഴിലുള്ള ലബോറട്ടറികള്‍ക്ക് എന്‍.എ.ബി.എല്‍. അംഗീകാരം ലഭ്യമാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.