പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമ ഹര്‍ത്താല്‍: 236 സ്വത്ത് വകകള്‍ ജപ്തി ചെയ്തു; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമ ഹര്‍ത്താല്‍: 236 സ്വത്ത് വകകള്‍ ജപ്തി ചെയ്തു; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ അക്രമ ഹർത്താലിലുണ്ടായ നഷ്ടം ഈടാക്കാൻ സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവർത്തകരുടെയും 236 സ്വത്തുക്കൾ ജപ്തി ചെയ്തു. രണ്ടു ദിവസമായി നടന്ന നടപടികൾ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയായി. ജപ്തി ചെയ്ത ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ ജപ്തി 126. തിരൂർ താലൂക്കിൽ മാത്രം 43 പേരുടെ സ്വത്ത് ജപ്തി ചെയ്തത്. കോഴിക്കോട്ട് 23ഉം, പാലക്കാട്ട് 16ഉം, തൃശൂരിൽ 15ഉം വയനാട്ടിൽ 14ഉം പേരുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. നടപടികൾ പൂർത്തിയായതിന്റെ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിന് ഉടൻ കൈമാറും.

23 ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകണം. സ്വത്തുക്കളുടെ ലേലം കോടതി ഉത്തരവ് അനുസരിച്ചാകും. അതേസമയം മലപ്പുറത്ത് എടരിക്കോട് പഞ്ചായത്തിലെ ലീഗ് അംഗം സി.ടി. അഷ്റഫിനും അങ്ങാടിപ്പുറത്ത് പിഎഫ്ഐ ബന്ധമില്ലാത്ത രണ്ട് പേർക്കും ജപ്തി നേരിടേണ്ടി വന്നു. പേരിലെ സാമ്യം കൊണ്ട് പിഴവ് പറ്റിയെന്നാണ് വിവരം.

ആലപ്പുഴയിൽ മുൻ ജില്ലാ സെക്രട്ടറി ഷിറാസിന്റെ രണ്ടും പള്ളിപ്പറമ്പിൽ റിയാസിന്റെ 4.47ഉം വണ്ടാനം നവാസിന്റെ 4.98ഉം മണ്ണഞ്ചേരി നിഷാദിന്റെ 11.88ഉം ചെങ്ങന്നൂർ നൗഫലിന്റെ 9.23ഉം സെന്റ് ഭൂമി ജപ്തി ചെയ്തു. കാസർകോട് ചീമേനി സിറാജുദ്ദീന്റെ 1.93 ഏക്കറും പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടിസുലൈമാന്റെ ആറ് ഏക്കറും കണ്ടുകെട്ടി 

കണ്ണൂരിൽ എട്ടു പേർക്കാണ് നടപടി. ഏച്ചൂരിലെ കെ.വി. നൗഷാദിന്റെ 25 സെന്റ്, മാവിലായി നൗഷാദിന്റെ 12 സെന്റും വീടും, കടമ്പൂർ കെ.വി. നൗഷാദിന്റെ രണ്ടര സെന്റും മൂന്ന് മുറി കടയും, തളിപ്പറമ്പ് റാസിഖിന്റെ പത്തു സെന്റ്, തലശേരി ഹാറൂണിന്റെ 33 സെന്റ്, മൊകേരി സമീറിന്റെ 9.83 സെന്റ്, കരിയാട് താഹിറിന്റെ 92.34 സെന്റ്, പെരിങ്ങളത്തെ സെമീറിന്റെ കാർ എന്നിവയും കോഴിക്കോട് 14 പേരുടെ 23 സ്വത്തുക്കളും ജപ്തി ചെയ്തു. വയനാട്ടിൽ 14 പേർക്കാണ് നടപടി. 

ജപ്തിനോട്ടീസ് നല്‍കിയിട്ടുള്ളവര്‍ക്ക് വീടൊഴിയാന്‍ സമയം നല്‍കിയിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിന്റെ 36-ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. വീടിന്റെയും ഭൂമിയുടെയും വില നിര്‍ണയിച്ചശേഷമാകും ലേലനടപടികളിലേക്ക് നീങ്ങുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.