ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കന്‍ഡ് നേരം നീണ്ടു നിന്നു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. നേപ്പാളിലെ ഹിമാലി വില്ലേജിലെ താജാകോട്ടിന്റെ അതിര്‍ത്തിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും മഞ്ഞുവീഴ്ചയും കാരണം തങ്ങള്‍ക്ക് മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ടെലിഫോണ്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും ഹിമാലി വില്ലേജ് കൗണ്‍സില്‍ മേധാവി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂകമ്പത്തെത്തുടര്‍ന്ന് പ്രദേശത്ത് ഏതാനും വീടുകള്‍ തകര്‍ന്നെന്നാണ് അവസാനം ലഭിക്കുന്ന വിവരം. ജില്ലയില്‍ മൂന്നു വീടുകള്‍ തകര്‍ന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നിലവില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ബജുറ ജില്ലയിലെ ഡിഎസ്പി സൂര്യ ഥാപ്പ വ്യക്തമാക്കുന്നു.
അതേസമയം ജനുവരി അഞ്ചിന്, അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നേരിയ ഭൂചലനം അനുഭപ്പെട്ടിരുന്നു. തുടര്‍ന്ന് ഡല്‍ഹി, എന്‍സിആര്‍ ഉള്‍പ്പെടെ പാകിസ്ഥാന്റെയും ഇന്ത്യയുടെയും ചില ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെടുകയുണ്ടായി.
ജനുവരി ഒന്നിന് ഹരിയാനയിലെ ജജ്ജാറില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി-എന്‍സിആറില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിക്കുകയുണ്ടായി.
രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടത് വളരെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.