പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ വമ്പന്‍ ജയം

പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ വമ്പന്‍ ജയം

ഇന്‍ഡോര്‍: പരമ്പരയില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ ജയത്തോടെ കിരീടം സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍മല ചേയ്‌സ് ചെയ്ത ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

പടുകൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഫിന്‍ അലനെ മടക്കി ഹാര്‍ദിക് പാണ്ഡ്യ ന്യൂസീലന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ മൂന്നാമനായി വന്ന ഹെന്റി നിക്കോള്‍സിനെ കൂട്ടിപിടിച്ച് ഡെവോണ്‍ കോണ്‍വെ അടിച്ചുതകര്‍ത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

42 റണ്‍സെടുത്ത നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. മറുവശത്ത് കോണ്‍വെ അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടുകൊണ്ടിരുന്നു. വൈകാതെ സെഞ്ചുറിയും നേടി. 73 പന്തില്‍ നിന്നാണ് കോണ്‍വെ സെഞ്ചുറി തികച്ചത്. ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക ഉയര്‍ന്ന നിമിഷങ്ങളായിരുന്നു അപ്പോള്‍. എന്നാല്‍ ഡാരില്‍ മിച്ചലിനെയും പിന്നാലെ വന്ന നായകന്‍ ടോം ലാഥത്തെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശാല്‍ദൂല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 

32-ാം ഓവറില്‍ അപകടകാരിയായ കോണ്‍വെയെ മടക്കി ഉമ്രാന്‍ മാലിക്ക് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 100 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും എട്ട് സിക്‌സിന്റെയും സഹായത്തോടെ 138 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. കോണ്‍വെ പുറത്തായതോടെ ന്യൂസീലന്‍ഡിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. മൈക്കിള്‍ ബ്രേസ്‌വെല്‍ 26 റണ്‍സെടുത്ത് പൊരുതിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് മിച്ചല്‍ സാന്റ്‌നര്‍ നടത്തിയ പോരാട്ടമാണ് ടീം സ്‌കോര്‍ 300 കടത്തിയത്. സാന്റ്‌നര്‍ 34 റണ്‍സെടുത്ത് പുറത്തായി ലോക്കി ഫെര്‍ഗൂസന്‍ (ഏഴ്), ജേക്കബ് ഡഫി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഇന്ത്യ വിജയം നേടി.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്കും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കത്തിലെ പ്രകടനം ന്യൂസീലന്‍ഡിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (101), ശുഭ്മാന്‍ ഗില്‍ (112) എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 300 ന് മുകളില്‍ കടക്കുമെന്ന് സൂചന നല്‍കുന്നതായിരുന്നു. 

ടിക്‌നര്‍ ചെയ്ത 26ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്തുകൊണ്ട് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. 83 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. രോഹിത്തിന്റെ കരിയറിലെ 30ാം ഏകദിന സെഞ്ചുറിയാണിത്. അതേ ഓവറിലെ അവസാന പന്തില്‍ ഗില്ലും സഞ്ചുറി പൂര്‍ത്തീകരിച്ചു. വെറും 72 പന്തുകളില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ചുറി. താരത്തിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത് പുറത്തായി. മൈക്കിള്‍ ബ്രേസ്‌വെല്ലിനെ സിക്‌സടിക്കാനുള്ള ശ്രമത്തിനിടെ പന്ത് വിക്കറ്റ് പിഴുതു. 85 പന്തില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് താരത്തിന്റെ സെഞ്ചുറി. 28-ാം ഓവറിലെ അവസാന പന്തില്‍ ഗില്ലും പുറത്തായി. 

പിന്നാലെ വന്ന വിരാട് കോലി (36), ഇഷാന്‍ കിഷന്‍ (17), സൂര്യകുമാര്‍ യാദവ് (14) എന്നിവര്‍ക്ക് കാര്യമായ സംഭവന നല്‍കാനായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. പിന്നീട് ക്രീസിലൊന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. 

പിന്നാലെ വന്ന ശാര്‍ദൂല്‍ ഠാക്കൂര്‍ (25) ചേര്‍ന്നതോടെ 47ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. 38 ബോളില്‍ 54 റണ്‍സുമായാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.