കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ ഫുള്‍കോര്‍ട്ട് ചേര്‍ന്നാണ് പൊലീസ് അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്.
പ്രാഥമിക അന്വേഷണം നടത്തുന്ന കൊച്ചി സിറ്റി പൊലീസ് കഴിഞ്ഞ ദിവസം കോഴ നല്‍കിയ സിനിമ നിര്‍മാതാവിന്റെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറും. അഭിഭാഷകന്‍ കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് ഹൈക്കോടതി വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്വേഷണം തുടരുന്നതിനാല്‍ ജഡ്ജിമാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ നിന്നുള്‍പ്പെടെ സൈബി ജോസ് വിട്ടുനില്‍ക്കും.
മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സൈബിക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ജസ്റ്റിസുമാരായ സിയാദ് റഹ്മാന്‍, മുഹമ്മദ് മുഷ്താഖ്, പി.വി കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ പേരില്‍ സൈബി കൈക്കൂലി കൈപ്പറ്റി എന്നാണ് ഹൈക്കോടതി വിജിലന്‍സിന്റെ കണ്ടെത്തല്‍. 72 ലക്ഷം രൂപ ജഡ്ജിമാരുടെ പേരില്‍ കൈപ്പറ്റിയെന്ന് നാല് അഭിഭാഷകര്‍ വിജിലന്‍സിന് മൊഴി നല്‍കി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപയാണ് വാങ്ങിയത്. സിനിമാ താരങ്ങളും നിര്‍മാതാക്കളുമാണ് സൈബിയുടെ പ്രധാന കക്ഷികള്‍.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവില്‍ നിന്ന് 25 ലക്ഷം രൂപയാണ് സൈബി വാങ്ങിയത്. 15 ലക്ഷം ഫീസ് ഇനത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ അഞ്ച് ലക്ഷം കുറക്കാന്‍ ആകുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞുവെന്നാണ് മൊഴി.
സൈബി ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കോഴ വാങ്ങിയതിന് തെളിവ് ഉള്ളതിനാല്‍ സൈബിക്കെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുമുള്ള ശുപാര്‍ശയും വിജിലന്‍സ് നല്‍കി.
അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാമെന്നും ഹൈക്കോര്‍ട്ട് വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ഫുള്‍ കോര്‍ട്ടിന്റെ ശുപാര്‍ശയില്‍ സൈബി ജോസിനെതിരെ നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.