ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി. ഇതില്‍ ആറുപേര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍ ലഭിച്ചത്.
പത്മ വിഭൂഷണിന് തൊട്ടു താഴെയുള്ള പത്മഭൂഷണ്‍ ഒൻപത് പേര്‍ക്കും 91 പേര്‍ക്ക് നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയും ലഭിച്ചു. ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ടന്‍ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേര്‍ക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരളത്തിന് അഭിമാനമായി.
വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ മാനിച്ച് സി.ഐ. ഐസക്ക്, കാര്‍ഷികരംഗത്തെ സംഭാവനകള്‍ മാനിച്ച് ചെറുവയല്‍ കെ. രാമന്‍, കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് എസ്.ആര്‍.ഡി പ്രസാദ് എന്നിവരാണ് മറ്റു പത്മശ്രീ അവാര്‍ഡ് നേടിയ മലയാളികള്‍.
ബാല്‍കൃഷ്ണ ദോഷി, തബലിസ്റ്റ് സക്കീര്‍ ഹുസൈന്‍, മുന്‍ കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണ, ശ്രീനിവാസ് വര്‍ദ്ധന്‍, എസ്പി നേതാവ് മുലായം സിങ് യാദവ്, ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസ് എന്നിവര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍.
മരണാനന്തര ബഹുമതിയായാണ് ദിലീപ് മഹലനാബിസിനും മുലായം സിങ് യാദവിനും ബാല്‍കൃഷ്ണ ദോഷിക്കും പുരസ്‌കാരം നല്‍കിയത്. പത്മഭൂഷണ്‍ ലഭിച്ച ഒന്‍പത് പേരില്‍ ഗായിയ വാണി ജയറാമും ഉള്‍പ്പെടുന്നു. സുധാ മൂര്‍ത്തി, കപില്‍ കപൂര്‍, ദീപക് ദര്‍ തുടങ്ങിയവരാണ് പത്മഭൂഷണ്‍ ലഭിച്ചവര്‍.
കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971-ലെ ബംഗ്ലാദേശിലെ വിമോചന യുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ രക്ഷയായത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബർ 16-ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് വി.പി. അപ്പുക്കുട്ട പൊതുവാളിന്റേത് (99). സ്വതന്ത്രസമരസേനാനി, ഖാദിപ്രചാരകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്.
1930ന് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടുകണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് നയിച്ചു. 1942ൽ വി.പി. ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. സമരസമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവർത്തനങ്ങളെ തുടർന്ന് 1943ൽ അറസ്റ്റിലായെങ്കിലും തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയച്ചു.
1944ൽ അഖില ഭാരതീയ ചർക്കസംഘത്തിന്റെ കേരള ശാഖയിൽ ചേർന്നു പ്രവർത്തിച്ചു. 1957ൽ കെ.കേളപ്പൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിലും പങ്കാളിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.