സാമ്പത്തിക പ്രതിസന്ധി രൂക്ഷം: സര്‍വകലാശാലകളുടെ സ്ഥിര നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാന്‍ നീക്കം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: സര്‍വകലാശാലകളുടെ സ്ഥിര നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി സർവകലാശാലകൾക്ക് ബാങ്കുകളിലുള്ള സ്ഥിര നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാൻ നീക്കം. ഓരോ സർവകലാശാലയ്ക്കുമുള്ള സ്ഥിര നിക്ഷേപം, ബാങ്ക് നിക്ഷേപം, തനത് വരുമാനം എന്നിവയുടെ വിശദാംശങ്ങൾ സർക്കാർ തേടി. സർവകലാശാലകളുടെ സ്ഥിര നിക്ഷേപം ട്രഷറിയിലേക്ക് മാറ്റുന്നതിലൂടെ 1000 കോടി രൂപയെത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സ്ഥിര നിക്ഷേപം ട്രഷറിയിലേക്ക് മാറ്റുമ്പോൾ പലിശയിൽ വർധന ഉണ്ടാകുമെങ്കിലും ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിലെ നിയന്ത്രണം സർവകലാശാലകളെ ബാധിക്കും. 25 ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കാൻ സർക്കാർ അനുമതിയും ആവശ്യമാണ്.

സർക്കാർ ഗ്രാൻഡുകൾ മുടങ്ങുന്ന ഘട്ടങ്ങളിൽ ശമ്പളവും പെൻഷനും മറ്റു പദ്ധതിയേതര ചെലവുകളും കണ്ടെത്തുന്നതിന് ആശ്രയിക്കുന്നത് സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നാണ്. ഈ പണം ട്രഷറിയിലേക്ക് മാറ്റിയാൽ സർവകലാശാലകളുടെ സാമ്പത്തിക സ്വതന്ത്ര്യം നഷ്ടമാകുമെന്നാണ് ആശങ്ക. 

കൊച്ചി ഒഴികെയുള്ള സർവകലാശാലകൾക്ക് പദ്ധതിയേതര വിഹിതമായി സർക്കാർ നൽകുന്ന പണം ട്രഷറി വഴിയാക്കിയിരുന്നു. രണ്ട് മാസമായി ഈ വിഹിതവും മുടങ്ങിയിരിക്കുകയാണ്. പദ്ധതിയേതര സഹായം മുടങ്ങിയതോടെ സർവകലാശാലകൾ തനത് ഫണ്ടിൽനിന്ന് ശമ്പളവും പെൻഷനും നൽകാനുള്ള ശ്രമത്തിലാണ്.

കുസാറ്റിൽ സർക്കാർ വിഹിതം മുടങ്ങിയതോടെ ബാങ്കിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് പണമെടുത്ത് ശമ്പളവും പെൻഷനും നൽകാനാണ് സിൻഡിക്കേറ്റ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി സംസ്കൃതം, കാർഷിക സർവകലാശാലകളിൽ വിരമിക്കൽ ആനുകൂല്യം നൽകുന്നതിനെയും ബാധിച്ചിട്ടുണ്ട്.

സർവകലാശാലകൾ തനത് വരുമാനം വർധിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെടാറുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഫീസിനത്തിലും മറ്റുമുള്ള വരുമാനമാണ് തനത് വരുമാനത്തിൽ പ്രധാനം. ഉത്‌പാദനത്തിലേക്ക് നയിക്കുന്ന ഗവേഷണ ഫലങ്ങൾ, വ്യവസായ ബന്ധിത പ്രോജക്ടുകൾ, ഗവേഷണ പ്രോജക്ടുകൾക്കായുള്ള യു.ജി.സി. ഗ്രാന്റ് തുടങ്ങിയവയിലൂടെയാണ് തനത് വരുമാനം കൂട്ടേണ്ടത്.

ഓരോ സർവകലാശാലയും എത്ര പണം അധികമായി കണ്ടെത്തുന്നോ അത്രയും തുക സർക്കാരും ഇൻസെന്റീവായി നൽകാൻ തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ പദ്ധതി പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.