നാലു മാസം കൊണ്ട് ചൊവ്വയിലെത്താം; ആണവോര്‍ജ്ജ റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള പദ്ധതിയുമായി നാസ

നാലു മാസം കൊണ്ട് ചൊവ്വയിലെത്താം; ആണവോര്‍ജ്ജ റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള പദ്ധതിയുമായി നാസ

വാഷിങ്ടണ്‍: മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാന്‍ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ച് നാസ. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ഗവേഷണ വിഭാഗമായ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയുമായി ചേര്‍ന്നാണ് നാസയുടെ പുതിയ പദ്ധതി. 2027-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ന്യുക്ലിയര്‍ തെര്‍മല്‍ റോക്കറ്റുകള്‍ ഉപയോഗിക്കുന്നത് യാത്രയുടെ സമയം ഗണ്യമായി കുറക്കുമെന്നും ബഹിരാകാശ യാത്രികരുടെ അപകട സാധ്യത കുറയ്ക്കുമെന്നും നാസ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

2027-ല്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിന് ഒരു ന്യൂക്ലിയര്‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ വികസിപ്പിക്കാന്‍ തങ്ങളുടെ ദീര്‍ഘകാല പങ്കാളിയായ ഡാര്‍പയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

പരമ്പരാഗത കെമിക്കല്‍ അധിഷ്ഠിത റോക്കറ്റ് എഞ്ചിനുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാണ് ന്യുക്ലിയര്‍ തെര്‍മല്‍ റോക്കറ്റുകളെന്നാണ് ഗവേകരുടെ നിഗമനം. മനുഷ്യനെ ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും അയക്കുന്നതിന് ന്യൂക്ലിയര്‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍ നിര്‍ണായകമാണെന്ന് നാസ കരുതുന്നു.

നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച്, ചൊവ്വയിലേക്കുള്ള യാത്രക്ക് ഏകദേശം ഒന്‍പതു മാസം സമയം എടുക്കും. പുതിയ സാങ്കേതിക വിദ്യയില്‍ ഇതിനു നാലു മാസം മതിയെന്ന് നാസയിലെ എന്‍ജിനീയര്‍മാര്‍ പറയുന്നു. ബഹിരാകാശത്ത് എത്തിയാല്‍ ഇതിന് റെക്കോര്‍ഡ് വേഗത കൈവരിക്കാനാകുമെന്ന് ഇവര്‍ പറയുന്നു.

അതോടൊപ്പം യാത്രികര്‍ ബഹിരാകാശ വികിരണത്തിന് വിധേയരാകുന്ന സമയം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ചൊവ്വയിലേക്കുള്ള യാത്രയില്‍ ഭക്ഷണവും മറ്റ് ചരക്കുകളും ഇപ്പോഴുള്ളതിനേക്കാള്‍ ഗണ്യമായ തോതില്‍ കുറയ്ക്കാനും കഴിയും.

ഈ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബഹിരാകാശ യാത്രികര്‍ക്ക് എന്നത്തേക്കാളും വേഗത്തില്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് ബില്‍ നെല്‍സണ്‍ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.