കെയ്‌റോ: ഈജിപ്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള മമ്മി അനാവരണം ചെയ്തതായി പുരാവസ്തു ഗവേഷകരുടെ അവകാശ വാദം. 4,300 വർഷം പഴക്കമുള്ള മമ്മി ഒരു ധനികനെയാണെന്നാണ് കരുതുന്നത്. 35 വയസുള്ള ഡിജെഡ് സെപ്ഷ് എന്ന വ്യക്തിയായിരുന്നുവെന്നും ഈജിപ്തിലെ മുൻ പുരാവസ്തു മന്ത്രിയും പുരാവസ്തു ഗവേഷകനുമായ സഹി ഹവാസ് പറഞ്ഞു.
ഈജിപ്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും സ്വർണ്ണം കൊണ്ട് പൊതിഞ്ഞതുമായ മമ്മിയാണിത്. മാത്രമല്ല മമ്മി പൂർണ്ണമാണെന്നും ഹവാസ് വ്യക്തമാക്കുന്നു. "ഏറ്റവും അത്ഭുതകരമായ കണ്ടെത്തൽ" ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖാര ഗ്രാമത്തിലെ ജോസറിലെ പുരാതന സ്റ്റെപ്പ് പിരമിഡിനോട് ചേർന്നുള്ള ഗിസർ എൽ-മുദിറിൽ നിന്ന് 20 മീറ്റർ (66 അടി) ഭൂമിക്കടിയിൽ നിന്നാണ് ഹവാസും അദ്ദേഹത്തിന്റെ 10 അംഗ സംഘവും മമ്മി ചെയ്യപ്പെട്ട മനുഷ്യനെ കണ്ടെത്തിയത്. 25 ടൺ ഭാരമുള്ള കല്ലുകൊണ്ട് നിർമ്മിച്ച ഒരു ശവപ്പെട്ടിയിലായിരുന്നു മമ്മിയെന്ന് ഹവാസ് വ്യക്തമാക്കി. ശവപ്പെട്ടിയുടെ അടപ്പ് മാത്രം അഞ്ച് ടൺ ഭാരമുള്ളതായിരുന്നു.
തുടർന്ന് സംഘം അടപ്പ് തുറന്നപ്പോൾ "ഏറ്റവും പഴയതും സുന്ദരവുമായ മമ്മി സ്വർണ്ണ പാളികളിൽ പൊതിഞ്ഞതായി കണ്ടെത്തി. തലയിൽ ഒരു ബാൻഡും നെഞ്ചിൽ ഒരു ബ്രേസ്ലെറ്റും ഉണ്ടായിരുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തി ഒരു ധനികനായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്" ഹവാസ് വിശദീകരിച്ചു.
മമ്മി ചെയ്ത ധനികന്റെ ശവപ്പെട്ടിക്ക് സമാനമായ മറ്റൊരു ശവപ്പെട്ടി കൂടി കണ്ടെത്തിയിരുന്നു. അത് അടുത്ത ആഴ്ച തുറക്കും. ഈ കണ്ടെത്തൽ അർത്ഥമാക്കുന്നത് ശവകുടീരങ്ങൾ ഉൾപ്പെട്ടിരുന്ന ശ്മശാനം വളരെ പ്രധാനപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ്.
മാത്രമല്ല ഈ ശവകുടീരത്തോടൊപ്പം പുരാവസ്തു ഗവേഷകർ മറ്റ് രണ്ട് ശവകുടീരങ്ങളും കണ്ടെത്തിയിരുന്നു. അതിലൊന്ന് 2494 നും 2487 നും ഇടയിൽ അഞ്ചാം രാജവംശത്തിന്റെ കാലത്ത് ഉനാസ് രാജാവിന്റെ ഭരണകാലത്തെ പഴക്കമുള്ളതാണെന്ന് ഹവാസ് പറഞ്ഞു.
മറ്റൊരു ശവകുടീരത്തിൽ ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്ന മൂന്ന് പ്രതിമകളും കണ്ടെത്തി. അതോടൊപ്പം മറ്റ് ഒമ്പത് പ്രതിമകൾ ഒരു തെറ്റായ വാതിലിന് പിന്നിലും കണ്ടെത്തി. "ഈ പ്രതിമകൾ പ്രധാനമാണ്, കാരണം അവ നമുക്ക് പഴയ രാജ്യത്തിലെ കലയെക്കുറിച്ച് അറിവ് നൽകുന്നു. കണ്ടെത്തിയതിൽ ഇരട്ട പ്രതിമകൾ, ഒറ്റ പ്രതിമകൾ, സേവക പ്രതിമകൾ അങ്ങനെ എല്ലാത്തരം വ്യത്യസ്ത പ്രതിമകളും ഉൾപ്പെടുന്നു" ഹവാസ് ചൂണ്ടിക്കാണിച്ചു.
ബിസി 2667 നും 2648 നും ഇടയിൽ മൂന്നാം രാജവംശത്തിന്റെ ആദ്യകാല കാലത്ത് പുരാതന ഈജിപ്തുകാർ നിർമ്മിച്ച ആദ്യത്തെ പിരമിഡാണ് സ്റ്റെപ്പ് പിരമിഡ്. ഇത് അറിയപ്പെടുന്ന പുരാതന ഈജിപ്ഷ്യൻ ശിലാ ഘടനയാണെന്ന് രാജ്യത്തിന്റെ ടൂറിസം, പുരാവസ്തു മന്ത്രാലയം അഭിപ്രായപ്പെടുന്നു.
കെയ്‌റോയ്ക്ക് തെക്ക് 32 കിലോമീറ്റർ (20 മൈൽ) അകലെയുള്ള ഒരു വിശാലമായ ശവക്കല്ലറയാണ് സഖാര. പഴയ രാജ്യത്തിലെ ആറാമത്തെ രാജവംശത്തിലെ ആദ്യത്തെ രാജാവായ ടെറ്റി രാജാവിന്റെ ഭാര്യ നിയാരിറ്റ് രാജ്ഞിയുടെ ശവകുടീരം ഉൾപ്പെടെ 2021 ൽ നിരവധി അത്ഭുതകരമായ കണ്ടെത്തലുകളുടെ സ്ഥലമാണിത്.
അതേ വർഷം തന്നെ പുരാവസ്തു ഗവേഷകർ ബിസി 1279 നും 1213 നും ഇടയിൽ ഈജിപ്ത് ഭരിച്ചിരുന്ന റാംസെസ് രണ്ടാമൻ രാജാവിന്റെ പ്രധാന ട്രഷററുടെ ശവകുടീരം കണ്ടെത്തി. മാത്രമല്ല പുരാതന വെങ്കല പ്രതിമകളുടെയും സാർക്കോഫാഗിയുടെയും ഒരു വലിയ ശേഖരം കഴിഞ്ഞ വർഷം മെയിൽ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.