സര്‍ക്കാര്‍ ധൂര്‍ത്തിനെതിരെ ധവളപത്രം ഇറക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് പുതിയ ഇന്നോവ ക്രിസ്റ്റ: യുഡിഎഫ് പ്രതിരോധത്തില്‍

സര്‍ക്കാര്‍ ധൂര്‍ത്തിനെതിരെ ധവളപത്രം ഇറക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് പുതിയ ഇന്നോവ ക്രിസ്റ്റ: യുഡിഎഫ് പ്രതിരോധത്തില്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ വി.ഡി സതീശന്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് അദ്ദേഹത്തിന് പുതിയ വാഹനം അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്തവണ വി.ഡി സതീശനും നല്‍കിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്.

ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍, മന്ത്രിമാര്‍ക്കും മറ്റും അംബാസിഡര്‍ കാറുകള്‍ ഔദ്യോഗിക വാഹനമായി നല്‍കിയിരുന്ന കാലത്തേതാണ് ഈ വ്യവസ്ഥ.

എന്നാല്‍ ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്. എന്നിട്ടും ഈ ചട്ടത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും പരിശോധിച്ച ശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതമെന്ന് വിലയിരുത്തലുകളും ഉണ്ട്.

2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റയുടെ പുതിയ പതിപ്പ് ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് പുറത്തിറക്കിയത്. ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആണ് ഇതിലെ ട്രാന്‍സ്മിഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.