തിരുവനന്തപുരം കോര്‍പറേഷനില്‍ കുട്ടികളുടെ പേരിലും സാമ്പത്തിക തട്ടിപ്പ് നടന്നതായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം കോര്‍പറേഷനില്‍ കുട്ടികളുടെ പേരിലും സാമ്പത്തിക തട്ടിപ്പ് നടന്നതായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുട്ടികളുടെ പേരിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി സിഎജി റിപ്പോര്‍ട്ട്.
സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള എസ്എംഎസ് പദ്ധതി നടത്തിപ്പ് വഴിവിട്ട് സ്വകാര്യ ഏജന്‍സിക്ക് നല്‍കിയതു വഴി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 67.70 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.

കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ തന്നെയുള്ള ഹ്യൂമന്‍ റിസോഴ്‌സസ്, എംപ്ലോയ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (എച്ച്.ആര്‍.ഇ.ഡി.സി) എന്ന സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് സ്റ്റോര്‍ പര്‍ച്ചേസ് മാന്വലും സര്‍ക്കാര്‍ മാര്‍ഗരേഖകളും ലംഘിച്ചാണെന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പ്പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനനിലവാരത്തിന്റെ വിവരങ്ങള്‍ എസ്എംഎസ് മുഖേന രക്ഷിതാക്കളെ അറിയിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി,
കുട്ടികളുടെ വിവര ശേഖരണം, അവരുടെ ഫോട്ടോ സ്‌കാന്‍ ചെയ്ത് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യല്‍, ഫോട്ടോ ഐ.ഡി കാര്‍ഡുകളുടെ വിതരണം എന്നിവയാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്.

ഐ.ഡി കാര്‍ഡ് അച്ചടിക്കരാറിലാണ് 67.70 ലക്ഷം നഷ്ടമുണ്ടാക്കിയത്. പൊതുവിപണിയിലേക്കാളും കൂടിയ നിരക്കിലാണ് ഇവര്‍ക്ക് കരാര്‍ നല്‍കിയത്. മുഴുവന്‍ കുട്ടികള്‍ക്കും ഐ.ഡി കാര്‍ഡ് നല്‍കിയതുമില്ല. സര്‍ക്കാരിന്റെ അടക്കം മൂന്ന് പ്രിന്റിങ് ഏജന്‍സികളില്‍ നിന്ന് നിരക്കുകള്‍ ആരാഞ്ഞപ്പോഴാണ് നഷ്ടം വ്യക്തമായത്. തുക അനുവദിച്ചത് കോര്‍പ്പറേഷന്റെ പൊതുഫണ്ടില്‍ നിന്നാണ്.

2018-19, 2019- 20, 2021-22 വര്‍ഷങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. കൊവിഡ് കാരണം 2020-21ല്‍ പദ്ധതിയില്ലായിരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ 8.67ലക്ഷം രൂപ ചെലവില്‍ വികസിപ്പിച്ച സോഫ്റ്റ്വെയറിലാണ് എസ്.എം.എസ് അയക്കേണ്ടത്. ഇതിലാണ് കുട്ടികളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യേണ്ടതും.

ഒരു കാര്‍ഡിന് ക്വോട്ട് ചെയ്തത്

പരിമിത ശേഷിയുള്ള ഏജന്‍സി 56 രൂപ

കൂടിയ വര്‍ക്കുള്ള ഏജന്‍സി 26 രൂപ

സര്‍ക്കാര്‍ ഏജന്‍സി 50 രൂപ (ജി.എസ്.ടി ഒഴികെ). ജി.എസ്.ടി ചേര്‍ത്ത് സി.എ.ജി കണക്കാക്കിയത് 60 രൂപ. അതിലും കൂടിയ തുക എച്ച്.ആര്‍.ഇ.ഡി.സി കൈപ്പറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.