വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളില്‍ പ്രവേശനം നേടാനുള്ള പ്രായമായ 13 വയസ് വളരെ നേരത്തെയാണെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി. കുട്ടികളുടെ വ്യക്തിത്വവും വികസിക്കുന്ന കാലയളവാണിതെന്നും വളരുന്ന മനസുകളെയാണ് സമൂഹ മാധ്യമങ്ങള്‍ പ്രതികൂലമായി സ്വാധീനിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
'13 വയസ് വളരെ നേരത്തെയാണെന്ന് താന്‍ വിശ്വസിക്കുന്നു. ഇൗ വാദത്തെ സാധൂകരിക്കുന്ന നിരവധി ഡേറ്റകള്‍ തന്റെ കൈവശമുണ്ട്. സ്വന്തം ആത്മാഭിമാനത്തെക്കുറിച്ചും കൂട്ടുകെട്ടുകളെക്കുറിച്ചും സമൂഹ മാധ്യമങ്ങള്‍ നല്‍കുന്ന തെറ്റായ പ്രതിഫലനങ്ങള്‍ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു തിരിച്ചറിയേണ്ട സമയമാണിതെന്നും വിവേക് മൂര്‍ത്തി സി.എന്‍.എന്നിനോടു പറഞ്ഞു.
മെറ്റാ, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 13 വയസാണ്. ഇത്തരം മാധ്യമങ്ങളുടെ ചട്ടങ്ങള്‍ മറികടന്ന് ദശലക്ഷക്കണക്കിന് കുട്ടികളാണ് ഫേസ്ബുക്ക് അടക്കമുള്ള അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. അമേരിക്കയില്‍ പതിവായി മാറിയ വെടിവയ്പ്പുകളില്‍ കൗമാരക്കാരുടെ പങ്കും അവര്‍ സമൂഹ മാധ്യങ്ങളില്‍ പങ്കുവച്ചിരുന്ന ആശയങ്ങളും വലിയ ചര്‍ച്ചയായി മാറുന്ന വേളിയിലാണ് വിവേക് മൂര്‍ത്തിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നത്.
സമൂഹ മാധ്യമങ്ങളിലെ കൗമാരപ്രായക്കാരുടെ എണ്ണം വര്‍ധിക്കുന്നത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആശങ്കയോടെയാണ് കാണുന്നത്. അത്തരം പ്ലാറ്റ്ഫോമുകള്‍ കൗമാരക്കാരില്‍ സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ അനിവാര്യമാണെന്നും യുഎസ് സര്‍ജന്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
ഇത്തരം പ്ലാറ്റ്ഫോമുകളുടെ ജനകീയത കണക്കിലെടുത്താല്‍ അവയില്‍നിന്ന് കുട്ടികളെ മാറ്റിനിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം സമ്മതിച്ചു. അവ ഉപയോഗിക്കുന്നതില്‍നിന്ന് മക്കളെ വിലക്കുന്നത് എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മാതാപിതാക്കള്‍ ഭയപ്പെടുന്നു. എന്നാല്‍ മാതാപിതാക്കളുടെ ഐക്യത്തിലൂടെ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് വിവേക് മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ മക്കളെ 17 അല്ലെങ്കില്‍ 18 വയസു വരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് മാതാപിതാക്കള്‍ക്ക് ഒറ്റക്കെട്ടായി പറയാന്‍ സാധിക്കണം. കുട്ടികള്‍ വളരെ നേരത്തെ ഇത്തരം പ്രവണതകള്‍ക്ക് അടിമപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രമാണിത്.
ചെറിയ പ്രായത്തില്‍തന്നെ സോഷ്യല്‍ മീഡിയ സ്ഥിരമായി ഉപയോഗിക്കുന്നത് കൗമാരക്കാരുടെ മസ്തിഷ്‌കത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന JAMA പീഡിയാട്രിക്‌സില്‍ ഈ മാസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍, സോഷ്യല്‍ മീഡിയ പതിവായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ കൂടുതല്‍ ന്യൂറല്‍ സെന്‍സിറ്റിവിറ്റി പ്രദര്‍ശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കാലക്രമേണ മസ്തിഷ്‌കത്തെ സാമൂഹിക പ്രത്യാഘാതങ്ങളോട് കൂടുതല്‍ വൈകാരികമായി പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു.
അധിക സ്‌ക്രീന്‍ സമയം മസ്തിഷ്‌ക വളര്‍ച്ചയെ ബാധിക്കുമെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍. ഭാഷ ഉപയോഗിക്കാനുള്ള അവരുടെ കഴിവിനെ കാര്യമായി പരിമിതപ്പെടുത്തുന്നു.
നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും ഉണര്‍വേകാനും സ്വാധീനിക്കാനും കഴിവുള്ള ശരീരത്തിലെ ഹോര്‍മോണുകളിലൊന്നാണ് ഡോപാമൈന്‍. ലഹരി മരുന്ന്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം തുടങ്ങിയ ആസക്തി ഉളവാക്കുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍, നമ്മുടെ മസ്തിഷ്‌കം ഒരേസമയം ധാരാളം ഡോപാമൈന്‍ പുറപ്പെടുവിക്കുന്നു. അത് ഉപയോഗിക്കുന്നത് തുടരാന്‍ ഇത് നമ്മുടെ തലച്ചോറിനോട് നിര്‍ദേശം നല്‍കുന്നു.
കൗമാരക്കാരുടെ തലച്ചോറിന്റെ ഈ ഭാഗം മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതല്‍ ഹൈപ്പര്‍ ആക്റ്റീവ് ആണ്. അതിനാല്‍ അവര്‍ വളരെ വേഗം ഇതിന് അടിമപ്പെടുന്നു.
ഡെമോക്രാറ്റിക് സെനറ്റായ ക്രിസ് മര്‍ഫിയും വിവേക് മൂര്‍ത്തിയുടെ ആശങ്കകള്‍ പങ്കുവച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും സ്‌ക്രീന്‍-ടു-സ്‌ക്രീന്‍ ആശയവിനിമയമായി മാറിയതിനാല്‍, ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് വിലപ്പെട്ട പല കാര്യങ്ങള്‍ നഷ്ടപ്പെട്ടു. ഒരാളോട് സംസാരിക്കുമ്പോഴോ ആരെയെങ്കിലും കാണുമ്പോഴോ ലഭിക്കുന്ന അതേ സന്തോഷമോ സംതൃപ്തിയോ നല്‍കുന്നില്ല.
ചെറിയ കുട്ടികളെ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ നിന്ന് പരിമിതപ്പെടുത്താനും അതിനായി കമ്പനികളെ പ്രേരിപ്പിക്കുന്നതിനും നിയമനിര്‍മ്മാതാക്കള്‍ തീരുമാനങ്ങള്‍ എടുക്കണമെന്നും ക്രിസ് മര്‍ഫി പറയുന്നു.
കൗമാരക്കാരെ ഇത്തരം സമൂഹ മാധ്യമങ്ങള്‍ക്കെതിരേ നിര്‍ത്തുന്നത് ചെറിയ പോരാട്ടമല്ല. ആളുകള്‍ ഈ പ്ലാറ്റ്ഫോമുകളില്‍ പരമാവധി സമയം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനര്‍മാരും ഉല്‍പ്പന്ന ഡെവലപ്പര്‍മാരുമാണ് കമ്പനികള്‍ക്കുള്ളത്.
കുട്ടികളുടെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം മാതാപിതാക്കള്‍തന്നെ നിയന്ത്രിക്കണമെന്നും ക്രിസ് മര്‍ഫി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.