പെഷാവര്‍ സ്‌ഫോടനത്തില്‍ മരണം 63 ആയി; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിക് ഇ താലിബാന്‍

പെഷാവര്‍ സ്‌ഫോടനത്തില്‍ മരണം 63 ആയി; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിക് ഇ താലിബാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ മുസ്ലിം പള്ളിയില്‍ 63 പേരുടെ മരണത്തിനിടയാക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി).

സംഘടനയുടെ കമാന്‍ഡര്‍മാരില്‍ ഒരാള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാന്‍ സര്‍ക്കാരിന് സന്ദേശം അയച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനം നടക്കുമ്പോള്‍ പള്ളിക്കകത്ത് ഏകദേശം 260 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ പള്ളിയിലായിരുന്നു സ്‌ഫോടനം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കൂടുതലും പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് എന്നാണ് റിപ്പോര്‍ട്ട്. പള്ളിയില്‍ നമസ്‌കാരത്തിന് എത്തിയവര്‍ക്ക് ഇടയിലേക്ക് ശരീരത്തില്‍ സ്‌ഫോടക വസ്തുവുമായി കടന്നു കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പാകിസ്ഥാന്‍ സമയം ഉച്ചയ്ക്ക് 1.40 നായിരുന്നു സ്‌ഫോടനം.

സ്ഫോടനത്തില്‍ മേല്‍ക്കൂര തകര്‍ന്ന മസ്ജിദിന്റെ അവിശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തെരച്ചില്‍ നടക്കുന്നുണ്ട്. ടിടിപി ഭീകരനായ ഖാലിദ് ഖുറാസാനിയുടെ സഹോദരന്‍ കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് സ്ഫോടനമെന്നാണ് വിവരം. പാകിസ്ഥാനിലെ അതീവ സുരക്ഷാമേഖലയെന്ന് അവകാശപ്പെടുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാര്‍ സ്ഥിരമായി ഉണ്ടാവാറുണ്ട്. സുരക്ഷാ വീഴ്ചയാണ് ഭീകരാക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇതിനിടെ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പെഷവാറിലെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പെഷവാര്‍ പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.