ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള വിസിയോട് ഗവർണർ റിപ്പോർട്ട് തേടി

ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള വിസിയോട് ഗവർണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാലയോട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിലാണ് സർവകലാശാല വി.സി യോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഗവേഷണ പ്രബന്ധത്തിലെ പിഴവ് സർവകലാശാല പരിശോധിക്കും. പരാതികൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ വച്ചേക്കുമെന്നും വിവരമുണ്ട്. സംഭവത്തിൽ ലഭിച്ച പരാതികള്‍ കേരള സര്‍വകലാശാല വി.സിക്ക് ഗവര്‍ണര്‍ കൈമാറും.

ഗവേഷണ പ്രബന്ധത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ചിന്താ ജെറോം നോട്ടപ്പിശകിനെ പര്‍വതീകരിച്ചുള്ള വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് കുറ്റപ്പെടുത്തി. തെറ്റ് തിരുത്തി പ്രബന്ധം പുസ്തകമാക്കി ഇറക്കുമെന്നും ചിന്താ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന രണ്ട് ആരോപണങ്ങളില്‍ ആദ്യത്തേതില്‍ തെറ്റ് സമ്മതിച്ച് ഖേദം പറയുന്ന ചിന്താ പക്ഷെ കോപ്പിയടിയെന്ന രണ്ടാമത്തെ അരോപണം തള്ളുകയും ആശയം പകര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയുമാണ് ചെയ്തത്. വിമര്‍ശനം തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്നും എന്നാല്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശം പോലും തനിക്കെതിരെ ഉണ്ടായെന്നും ചിന്ത വിമർശിച്ചു. 

ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നായിരുന്നു ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ്. പിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചെന്ന ആക്ഷേപവും വന്നു.

ചിന്തയുടെ ഡോക്ടറേറ്റും ഗൈഡായിരുന്ന മുൻ പ്രോ വി.സി അജയകുമാറിന്റെ ഗൈഡ് ഷിപ്പും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഗവർണർക്കും കേരള വി.സിക്കും ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ പരാതി നൽകിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.