മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വീണ്ടും പീഡന പരാതി, ഒപ്പം രാജി സമ്മര്‍ദവും; രാഹുലിന് ഇന്ന് നിര്‍ണായകം

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വീണ്ടും പീഡന പരാതി, ഒപ്പം രാജി സമ്മര്‍ദവും; രാഹുലിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. ഒളിവില്‍ പോയ എംഎല്‍എയ്ക്കായി കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടക്കുന്നതിനിടെ അദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയില്‍ കേള്‍ക്കണമെന്ന് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെ രാഹുലിനെതിരേ വീണ്ടും പീഡന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ബംഗളൂരു സ്വദേശിനിയായ യുവതിയാണ് ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂര ലൈംഗിക പീഡനമാണെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി ചൊവ്വാഴ്ച പകല്‍ 12:47 നാണ് കെപിസിസി നേതൃത്വത്തിന് ലഭിച്ചത്. പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായി സണ്ണി ജോസഫ് അറിയിച്ചു. അന്വേഷണ സംഘത്തിന് പരാതി കൈമാറണമെന്നും യുവതിയോട് നിര്‍ദേശിച്ചതായി കെപിസിസി നേതൃത്വം അറിയിച്ചു.

രാഹുലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത വിവരവും കൈമാറിയിട്ടുണ്ട്. രാഹുലിന്റെ പേരില്‍ നേരത്തേ ആരോപണം ഉന്നയിച്ച യുവതിയാണ് ഇതെന്നും സൂചനയുണ്ട്. ഇവരില്‍ നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അന്ന് വിവരം തേടിയിരുന്നു. ഇതോടെ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമായി ഉയരുകയാണ്.

അതേസമയം ഒളിവില്‍ പോയ രാഹുലിനായി കേരളത്തിനകത്തും പുറത്തും പൊലീസ് തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ രണ്ടാം പ്രതി ജോബി ജോസഫും ഒപ്പമുണ്ടെന്നാണ് വിവരം. രാഹുല്‍ കാറുകള്‍ മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.