സ്‌പെഷ്യല്‍ മാര്യേജ് ആക്ട്: 30 ദിവസത്തെ നോട്ടീസ് കാലയളവ് ചട്ടം പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണന്ന് ഹൈക്കോടതി

സ്‌പെഷ്യല്‍ മാര്യേജ് ആക്ട്: 30 ദിവസത്തെ നോട്ടീസ് കാലയളവ് ചട്ടം പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണന്ന് ഹൈക്കോടതി

കൊച്ചി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശികളായ ബിജി പോള്‍, ജോയ്‌സി ജോസഫ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ കുറഞ്ഞ ദിവസത്തെ അവധിക്കാണ് നാട്ടിലെത്തുന്നത്. ഇതിനിടെയാണ് പലരുടെയും വിവാഹം നടക്കുന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ നോട്ടീസ് കാലയളവ് തീരാന്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. വിവര, വിജഞാന, സാമൂഹിക തലങ്ങളില്‍ ഏറെ മാറ്റങ്ങളുണ്ടായ കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമനിര്‍മാതാക്കള്‍ പരിശോധിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് നോട്ടീസ് നല്‍കുന്നതിന് മുമ്പ് കക്ഷികളിലൊരാള്‍ വിവാഹ ഓഫീസറുടെ പരിധിയില്‍ 30 ദിവസം താമസിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് ശേഷം 30 ദിവസം കൂടി കഴിഞ്ഞാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുക. ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും നിര്‍ദേശ രൂപത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ലാത്തതാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

വിദേശത്തേക്ക് മടങ്ങേണ്ടതിനാല്‍ 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവ് നല്‍കി ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ബോധ്യമാകാത്തതിനാല്‍ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര, -സംസ്ഥാന സര്‍ക്കാരുകളോട് സത്യവാങ്മൂലം ഫയല്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.