കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്: മന്ത്രി എം.ബി രാജേഷ്

കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങള്‍ക്കുനേരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അത്രയും തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്നതുപോലെ 100 ദിവസം തൊഴില്‍ നല്‍കണമെങ്കില്‍ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തണമായിരുന്നു. എന്നാല്‍ ആവശ്യമുള്ളതിന്റെ നാലിലൊന്നില്‍ താഴെയായി വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. അറുപതിനായിരം കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.

ഈ ജനക്ഷേമ പദ്ധതി ഇല്ലാതാക്കാന്‍ അധികാരമേറ്റനാള്‍ മുതല്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒടുവിലത്തേതാണ് ഇത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അനാവശ്യ നിയന്ത്രണങ്ങളിലൂടെ പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാജേഷ് ആരോപിച്ചു.

കോവിഡ് കാലത്ത് ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് ഉപജീവനത്തിന് ആശ്രയമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ജീവിത പ്രതിസന്ധിയുടെയും ഉയരുന്ന തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തില്‍ വിഹിതം കൂട്ടി പദ്ധതി വിപുലമാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്.

രാജ്യത്തിന്റെ സമ്പത്തില്‍ 40 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്ന അതിസമ്പന്നര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തുകയും ഇങ്ങനെ ശേഖരിക്കുന്ന വിഭവങ്ങള്‍ പാവങ്ങളെ സഹായിക്കുന്ന തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളില്‍ വിനിയോഗിക്കുകയുമായിരുന്നു വേണ്ടത്.

മോഡി സര്‍ക്കാരിന്റെ ഭരണവര്‍ഗ താല്‍പര്യവും പാവങ്ങളോടുള്ള സമീപനവുമാണ് തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിലൂടെ കാണാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.