റഷ്യയും ബലാറസുമുണ്ടെങ്കില്‍ 40 രാജ്യങ്ങള്‍ പാരീസ് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് പോളണ്ട്

റഷ്യയും ബലാറസുമുണ്ടെങ്കില്‍ 40 രാജ്യങ്ങള്‍ പാരീസ് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് പോളണ്ട്

പാരീസ്: 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക്സില്‍ റഷ്യന്‍, ബെലറൂസ് കായിക താരങ്ങള്‍ക്ക് രാജ്യത്തിന്റെ പതാകയില്ലാതെ മത്സരിക്കാന്‍ അനുവാദം നല്‍കിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) തീരുമാനത്തില്‍ പ്രതിഷേധവുമായി പോളണ്ടും ബാള്‍ട്ടിക് രാജ്യങ്ങളും. നാല്‍പതോളം രാജ്യങ്ങള്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് പോളണ്ടിന്റെ കായിക വിനോദസഞ്ചാര മന്ത്രി കാമില്‍ ബോര്‍ട്ട്നിക്സുക്ക് മുന്നറിയിപ്പ് നല്‍കി. ഉക്രെയ്ന്‍ അധിനിവേശം റഷ്യ തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.

റഷ്യയെയും അവരുടെ സഖ്യകക്ഷിയും അയല്‍രാജ്യവുമായ ബലാറസിനെയും പങ്കെടുപ്പിക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യുടെ തീരുമാനം വന്നതിന് പിന്നാലെയാണ് പോളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. യുകെയും അമേരിക്കയും ഉള്‍പ്പെടെ 40ഓളം രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും പോളണ്ട് കായിക മന്ത്രി പറഞ്ഞു.

പോളണ്ട്, ലിത്വാനിയ, എസ്റ്റോണിയ, ലാത്വിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ പ്രതിഷേധം അറിയിച്ചത്. ഒളിമ്പിക്സില്‍ റഷ്യന്‍ താരങ്ങളെ വിലക്കിയില്ലെങ്കില്‍ തങ്ങള്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോേളാഡിമിര്‍ സെലന്‍സ്‌കിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഇത്തരം ബഹിഷ്‌കരണങ്ങള്‍ അത്‌ലറ്റുകളെ ശിക്ഷിക്കുക മാത്രമേയുള്ളൂവെന്ന് ഐഒസി പറഞ്ഞു.

ഫെബ്രുവരി 10-ന് നടക്കുന്ന ഐ.ഒ.സിയുടെ യോഗത്തിന് മുമ്പ് ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നിവയുള്‍പ്പെടെ 40 രാജ്യങ്ങളുടെ ഒരു സഖ്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായി കാമില്‍ ബോര്‍ട്ട്‌നിക്‌സുക്ക് പറഞ്ഞു. ഈ സഖ്യം ഗെയിംസ് ബഹിഷ്‌കരിക്കുകയാണെങ്കില്‍, ഒളിമ്പിക്‌സിന്റെ നടത്തിപ്പ് തന്നെ അര്‍ഥശൂന്യമാകുമെന്നും ബോര്‍ട്ട്‌നിക്‌സുക്ക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് റഷ്യന്‍, ബെലറൂസ് കായികതാരങ്ങളെ 2024 ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പച്ചക്കൊടി കാണിച്ചത്. ഒരു കായികതാരത്തെയും അവരുടെ പൗരത്വം കാരണം മത്സരത്തില്‍ നിന്ന് തടയരുത് എന്നായിരുന്നു എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന് ശേഷം ഐഒസിയുടെ വിശദീകരണം.

ഈ നീക്കത്തെ പല രാജ്യങ്ങളും അപലപിച്ചു. 'യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ലോകം അകലെയാണ്' എന്നാണ് യുകെ സര്‍ക്കാര്‍ പറഞ്ഞത്.

'റഷ്യന്‍, ബലാറഷ്യന്‍ കായിക താരങ്ങളെ ഒരു നിഷ്പക്ഷ പതാകയ്ക്ക് കീഴില്‍ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഏത് ശ്രമവും എതിര്‍ക്കേണ്ടതാണ്. നിഷ്പക്ഷതയുടെ മറവില്‍ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഈ താരങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ തീരുമാനങ്ങളും വ്യാപകമായ പ്രചാരണവും നിയമാനുസൃതമാക്കും' - ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ കായിക മന്ത്രിമാര്‍ പറഞ്ഞു, അധിനിവേശം അവസാനിപ്പിക്കും വരെ ഇരു രാജ്യങ്ങളെയും അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുപ്പിക്കരുതെന്നും സഖ്യം ആഹ്വാനം ചെയ്തു.

ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ, അന്താരാഷ്ട്ര കായിക അസോസിയേഷനുകള്‍ റഷ്യയ്ക്കും ബലാറസിനും മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫിഫ, യുവേഫ, ലോക അത്ലറ്റിക്സ് കൗണ്‍സില്‍, ഫോര്‍മുല വണ്‍ മത്സരങ്ങള്‍, 2022ല്‍ നടന്ന വിന്റര്‍ പാരാലിമ്പിക്‌സ് എന്നിവയിലെല്ലാം ഇരു രാജ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.