പിന്നണി ഗായിക വാണി ജയറാം വിടവാങ്ങി

പിന്നണി ഗായിക വാണി ജയറാം വിടവാങ്ങി

ചെന്നൈ: പ്രമുഖ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തമിഴ്, തെലുഗ്, കന്നട, മലയാളം, മറാത്തി, ഹിന്ദി ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുണ്ട്.

1945 നവംബര്‍ 30 ന് തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനനം. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയത്. എട്ടാം വയസില്‍ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനില്‍ പാടി തുടങ്ങി.

കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരായിരുന്നു കര്‍ണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാര്‍. ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.

1971 ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദകര്‍ക്ക് ഇടയില്‍ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി.

ചിത്രഗുപ്ത്, നൗഷാദ്, മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞര്‍ക്കായി വാണി പാടി.

1974-ല്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി ദക്ഷിണേന്ത്യന്‍ ഭാഷകളിലും സജീവമായത്. എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്മാന്‍ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി.

സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകല്‍പനയില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.