ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. വിരമിച്ച ജഡ്ജി അരുണ ജഗദീഷന്‍ അധ്യക്ഷനായ കമ്മിഷനായിരിക്കും ദുരന്തത്തെ കുറിച്ച് അന്വേഷിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും പരുക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 38 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പെടുന്നു. കുഴഞ്ഞു വീണ കുട്ടികളടക്കം 67 പേര്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ ഒന്‍പത് പൊലീസുകാരുമുണ്ട്.
വിജയ്‌ക്കെതിരെ കേസെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം. പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലി നടത്താനാണ് കോടതി അനുമതി നല്‍കിയത്. അന്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗ്രൗണ്ടായിരുന്നു സമ്മേളനത്തിനായി സജ്ജീകരിച്ചത്. എന്നാല്‍ രണ്ടു ലക്ഷം പേരെങ്കിലും റാലിക്ക് എത്തിക്കാണുമെന്നാണ് വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.